Wednesday, 31 January 2018

മാണിക്കൻ

മാണിക്കൻ
........
വളർത്തുമൃഗങ്ങളെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെ കരുതി അവരെ പേരിട്ട് വിളിച്ച് ഓമനിച്ച് പോറ്റിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നതെല്ലാം മാറിയിരിക്കുന്നു. ഭൂമിയുടെ അവകാശികളായി, നമ്മോടൊപ്പം ജീവിച്ച് മരിക്കാൻ അവകാശമുള്ള അവർ ഉപയോഗം കഴിഞ്ഞാൽ ഉപേക്ഷിക്കേണ്ട ഉപഭോഗവസ്തു മാത്രമായി കരുതപ്പെടുന്ന ഇക്കാലത്ത് മലയാള  കഥാസാഹിത്യത്തിലെ അമ്മയായിരുന്ന  ലളിതാംബിക അന്തർജനത്തിന്റെ ഈ കഥ പ്രസക്തമാകുന്നു. പണ്ട് സ്കൂളിൽ മലയാള പാഠാവലിയിലെ ഒരു പാഠമായിരുന്നു "മാണിക്കൻ". അന്ന് കണ്ണീരണിയാതെ വായിച്ചു തീർക്കാൻ കഴിയാതിരുന്ന മാണിക്കൻ എന്ന കാളയുടെ കഥ കരുണ, ദീനാനുകമ്പ, സഹജീവി സ്നേഹം, അഹിംസ എന്നീ സദ്ഗുണങ്ങൾ കുഞ്ഞു മനസ്സുകളിൽ വേരോടിക്കുവാൻ എത്രയോ സഹായിച്ചിരുന്നു. എൺപതുകളിൽ സ്കൂളിൽ പഠിച്ചിരുന്നവർ ഈ കഥ ഒരിക്കലെങ്കിലും വായിച്ചിരിക്കാം.

തന്റെ പുലമാടത്തിലേക്ക് ജൻമിയുടെ വീട്ടിൽ നിന്നും  കൊണ്ടുവന്ന മാണിക്കൻ എന്ന കാളക്കുട്ടനെ കറമ്പനും മകൻ അഴകനും മകൾ നീലിയും ഓമനിച്ചു വളർത്തി. അവരുടെ സ്നേഹവാത്സല്യങ്ങളേറ്റ് വളർന്ന അവൻ ഒരു ഒത്ത ഉഴവുകാളയായി. ആരുടെ കാളയെക്കാളും അഴകുറ്റ മാണിക്കനെക്കണ്ട് അസൂയ മൂത്ത അഴകന്റെ കൂട്ടുകാരനായ ചോതിയുടെയും മറ്റ് പണിക്കാരുടെയും ഏഷണി കേട്ട യജമാനൻ മാണിക്കനെ ബലമായി പിടിച്ചു കൊണ്ടുപോയി ഏതോ വണ്ടിക്കാരനു വിറ്റു.

കാലങ്ങൾക്കു ശേഷം, ജീവിത പ്രാരാബ്ധ നിവൃത്തിക്കായി കൂപ്പുപണിയ്ക്ക് പോയ അഴകൻ  കഷ്ടപ്പെട്ട് സമ്പാദിച്ച ഇത്തിരി കാശുമായി തിരിച്ചു വരും വഴി രാത്രിയിൽ കൊക്കയിൽ വീണു കിടന്ന കാളവണ്ടിയിലെ വണ്ടിക്കാരനെയും കൊമ്പും കാലുമൊടിഞ്ഞ കാളയെയും രക്ഷപെടുത്തുന്നു. അർദ്ധ വെളിച്ചത്തിൽ ആ വയസ്സൻ കാളയുടെ കഴുത്തിനു കീഴിലെ നേർത്ത പുള്ളി കണ്ട് തന്റെ കളിത്തോഴനെ തിരിച്ചറിഞ്ഞ അഴകൻ വണ്ടിക്കാരന്റെ വാക്കുകൾ ഞെട്ടലോടെ കേട്ടു.
"പാവം മാണിക്കൻ, ഒത്ത കാളയായിരുന്നു.എത്ര വലിയ ഭാരവുംവലിക്കും. എന്തു ചെയ്യാൻ, ഇനി ഇറച്ചിക്കല്ലേ കൊള്ളൂ"
തന്റെ മാണിക്കനെ അറക്കാൻ കൊടുക്കുകയോ. അഴകനത് ചിന്തിക്കാനാവില്ല.
പണിയെടുത്ത് മിച്ചം വെച്ച നാലര രൂപയ്ക്ക് കാലും കൊമ്പുമൊടിഞ്ഞ മാണിക്കനെ വാങ്ങി മുടന്തി മുടന്തി നടത്തി  വെറും വെള്ളം കലത്തിൽ തിളക്കുന്ന കുടിലിലേക്ക് ,വിശന്ന വയറുകളുമായി പാവാടത്തുണിയും പയവും മുട്ടായിയും കാത്തിരുന്ന മക്കൾക്കു മുൻപിലേക്കെത്തുന്നു.
ഇതാണാ കഥയുടെ ചുരുക്കം.

സ്കൂളിൽ പഠിച്ച
"മാണിക്കനെ"യും ബഷീറിന്റെ  "ഭൂമിയുടെ അവകാശികളെ"യും പത്മനാഭന്റെ "ശേഖൂട്ടി "യെയും പോലുള്ള കഥകളും
"ലോകമേ തറവാട്, നമുക്കീച്ചെടികളും, പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ" എന്ന വള്ളത്തോൾ വരികളും അവ പഠിപ്പിച്ച അധ്യാപകരും
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചപ്പോഴും, അരണയെയും ഓന്തിനെയും കല്ലെറിഞ്ഞപ്പോഴും അരുതെന്ന് വിലക്കിയ മാതാപിതാക്കളുമാണ്  പ്രാണികളെപ്പോലും സഹജീവികളായി കാണാനും ഹിംസ പാപമാണെന്നും എത്രയോ പേരെ  പഠിപ്പിച്ചത്.
ഇന്നോ...?
വാഷ്ബേസിനിൽ കാണുന്ന എറുമ്പുകളെപ്പോലും കയറ്റി വിട്ടതിനു ശേഷം മാത്രം കൈകഴുകാൻ ഇന്നുമെന്നെ പ്രേരിപ്പിക്കുന്ന, സംസ്ക്കാര സമ്പന്നമായിരുന്ന ആ പഴയ കാലത്തിന് പ്രണാമം.

2 comments: