ഇടവപ്പാതി
ഇടവമാസം പാതിയായി.വെള്ളമില്ലായ്മയുടെ ദുരന്തങ്ങളിൽ നിന്നും നമുക്ക് മോചനം നൽകി ഇടവപ്പാതി മഴയുമെത്തി.സ്കൂൾ തുറപ്പിന് പണ്ടും കണിശമായി പ്രവേശനോൽസവം പോലെ എത്തിയിരുന്ന ഇടവപ്പാതിമഴ കേരളീയജീവിതത്തിന്റെ ഭാഗമായിരുന്നു , ഒരു കാലത്ത്.
ഇടവപ്പാതിയെന്ന് കേൾക്കുമ്പോൾ പി. ഭാസ്കരൻ മാഷ് ആരണ്യകാണ്ഡം സിനിമയ്ക്ക് വേണ്ടിയെഴുതിയ ആ മനോഹരഗാനമാണ് മനസ്സിലേക്കെത്തുന്നത്. കേട്ടാലും കേട്ടാലും മതിവരാത്ത ഒന്ന്.
പഴയ വഴിത്താരയിലൂടെ നടന്നുവരുന്ന ഗായകൻ തന്റെ ഗതകാല ജീവിത രംഗങ്ങളിലേക്ക് എത്തിച്ചേരുന്നു. ഒന്ന് കേട്ടു നോക്കൂ....
"ഈ വഴിയും ഈ മരത്തണലും പൂവണിമരതകപ്പുൽമെത്തയും കല്പനയെ പുറകോട്ട് വിളിക്കുന്നു, കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു.
ഇടവപ്പാതിയിൽ കുടയില്ലാതെ ഇലഞ്ഞിമരച്ചോട്ടിലിരുന്നു നമ്മൾ, പണ്ടിരുന്നു നമ്മൾ.
കുടവുമായ് വന്ന വർഷമേഘസുന്ദരി,കുളിപ്പിച്ചു നമ്മെ കുളിപ്പിച്ചു.
( ഈ വഴിയും .....)
പറന്നു വന്ന പവമാനൻ നമ്മെ പനിനീർ ധാരയാൽ പൂജിച്ചു, നമ്മെ പൂജിച്ചു.
കുളിരകറ്റാൻ നിന്റെ കൊച്ചുധാവണിയെ കുടയായ് മാറ്റി നമ്മളുരുമ്മി നിന്നു,നമ്മൾ ഉരുമ്മി നിന്നു."
( ഈ വഴിയും .....)
ഇലഞ്ഞിമരച്ചുവട്, ധാവണിത്തുമ്പ് അങ്ങനെ കുറെ പഴയകാല കേരളീയ ജീവിത ബിംബങ്ങൾ പ്രണയത്തിന്റെ ഇഴചേർത്ത്,മഴയുടെ പശ്‌ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
ഭാസ്കരൻ മാഷിന്റെ പൊൻതൂലികയ്ക്ക് പ്രണാമമർപ്പിച്ചു കൊണ്ട് ഇക്കൊല്ലവും ആ വർഷമേഘസുന്ദരി നിറകുടവുമായി എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
എല്ലാവർക്കും ഇടവപ്പാതി ആശംസകൾ..
കൂടെ വിദ്യാലയങ്ങളിലേക്ക് ഉൽസാഹത്തോടെ പോകുവാനൊരുങ്ങുന്ന കൊച്ചു കൂട്ടുകാർക്കും അധ്യാപക സോദരങ്ങൾക്കും ആശംസകൾ.....
ഈ വർഷവും വിജയം നിങ്ങളുടേതാകട്ടെ......
No comments:
Post a Comment