റൗണ്ട് എബൗട്ടുകൾ
ഡ്രൈവിംഗ് ആയാസരഹിതമാക്കുവാനായി ആസൂത്രണം ചെയ്ത് നിർമ്മിച്ചവയാണ് റൗണ്ട് എബൗട്ടുകൾ.അവിടെ ക്രമമില്ലാതെ പെരുമാറുന്നതുവഴി ഗതാഗതം കൂടുതൽ സങ്കീർണ്ണമാക്കുകയാണ് നാം ചെയ്തു വരുന്നത്. ജംഗ്ഷനുകളിലാകട്ടെ, വേഗത കുറയ്ക്കാതെ അല്ലെങ്കിൽ വേഗത വർദ്ധിപ്പിച്ച് മറ്റ് വാഹനങ്ങളെയും യാത്രക്കാരെയും ഒട്ടും പരിഗണിക്കാതെ ഓടിച്ചു പോകുന്നു.
റൗണ്ട്എബൗട്ടുകളിലും റോഡ് ഇന്റർസെക്ഷൻ, ജംഗ്ഷൻ,പെഡസ്ട്രിയൻ ക്രോസിംഗ്,റോഡ് കോർണറുകൾ എന്നിവിടങ്ങളിലും നിയമാനുസരണം പെരുമാറേണ്ടതെങ്ങിനെയെന്നാണ് ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 9 ലും 10 ലും പ്രതിപാദിക്കുന്നത്.
..........................................................
ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 9.
ഒരു ഇന്റർസെക്ഷനിൽ ഡ്രൈവർ എടുക്കേണ്ട മുൻകരുതലുകൾ.....
1.ഒരു റോഡ് ഇന്റർസെക്ഷൻ, ജംഗ്ഷൻ,പെഡസ്ട്രിയൻ ക്രോസിംഗ്,റോഡ് കോർണറുകൾ എന്നിവയെ സമീപിക്കുമ്പോൾ ഡ്രൈവർ തന്റെ വാഹനത്തിന്റെ വേഗത നിർബന്ധമായും കുറയ്ക്കേണ്ടതാണ്.
കൂടാതെ അവിടേയ്ക്ക് പ്രവേശിക്കുന്നതുമൂലം ഇന്റർസെക്ഷനിലോ ജംഗ്ഷനിലോ പെഡസ്ട്രിയൻ ക്രോസിംഗിലോ റോഡ് കോർണറിലോ നിലവിൽ ഉള്ളതും അവിടേയ്ക്ക് പ്രവേശിക്കുന്നതുമായ മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടമുണ്ടാകാൻ ഇടയുള്ള പക്ഷം അങ്ങോട്ടേയ്ക്ക് പ്രവേശിക്കുവാൻ പാടുള്ളതല്ല.
2.ഇന്റർസെക്ഷനുകളിലും ജംഗ്ഷനുകളിലും വലതു വശത്തു നിന്നും വരുന്ന വാഹനങ്ങൾക്കായിരിക്കും മുൻഗണന.
(ഈ നിയമം താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ബാധകമല്ലാത്തതാകുന്നു..
(a) ട്രാഫിക് ഉദ്യോഗസ്ഥനാലോ, ട്രാഫിക് ലൈറ്റു കൊണ്ടോ, ട്രാഫിക് അടയാളം കൊണ്ടോ നിയന്ത്രിക്കപ്പെടുന്ന ഇന്റർസെക്ഷനുകളിലും ജംഗ്ഷനുകളിലും.
(b) വാഹനം ഒരു അപ്രധാന റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ )
3. ഒരു ഇന്റർസെക്ഷനിൽ ഗതാഗതം നിശ്ചലമായിരിക്കുന്ന അവസ്ഥയിൽ, അതൊരു മെയിൻ റോഡാണെന്നിരുന്നാലും, അല്ലെങ്കിൽ അവിടേയ്ക്ക് പ്രവേശിക്കുവാനുള്ള അനുകൂല സിഗ്നൽ ഉണ്ടെന്നിരുന്നാലും ആ ഇന്റർസെക്ഷനിലേക്ക് അപ്പോൾ പ്രവേശിക്കുവാൻ പാടുള്ളതല്ല.
..........................................................
ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 10.
റൗണ്ട് എബൗട്ടുകളിൽ ഡ്രൈവർ എടുക്കേണ്ട മുൻകരുതലുകൾ.....
1.റൗണ്ട് എബൗട്ടുകളിലേക്ക് പ്രവേശിക്കുമ്പോൾ, നിലവിൽ അവിടെയുള്ള വാഹനങ്ങൾക്കായിരിക്കും മുൻഗണനയും വഴിക്കുള്ള അവകാശവും.
2.റൗണ്ട് എബൗട്ടുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അവയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള ലെയിൻ തന്നെ തിരഞ്ഞെടുക്കേണ്ടതാണ്.
3.റൗണ്ട് എബൗട്ടിനുള്ളിൽ വെച്ച് ലെയിൻ മാറുന്നുണ്ടെങ്കിൽ ഡ്രൈവർ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കേണ്ടതാണ്.
4.റൗണ്ട് എബൗട്ടിൽനിന്നും പുറത്തിറങ്ങുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഇടത്തോട്ട് തിരിയുമ്പോൾ നിയമാനുസരണം പിന്തുടരേണ്ട രീതി പാലിക്കേണ്ടതാണ്.
No comments:
Post a Comment