Wednesday, 31 January 2018

മാമ്പഴക്കാലം

മാമ്പഴക്കാലം...
മദ്ധ്യവേനലവധിക്കാലം.

ഇന്ന്, നമ്മുടെ നാട്ടിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം നിറയെ ഉണ്ണിമാങ്ങകളും കണ്ണിമാങ്ങകളും പിന്നെ മാമ്പഴങ്ങളുമായി
വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും കുലകെട്ടി കായ്ച്ചു നിൽക്കുന്ന എത്രയോ മാവുകളാണ്.
എത്ര മനോഹരമായ കാഴ്ച.
നിറഫലങ്ങളുമായി നിലകൊള്ളുന്ന ഈ വൃക്ഷ ശ്രേഷ്ഠൻമാരെ കാണുമ്പോൾ  എന്റെ പഴയ മദ്ധ്യവേനലവധിക്കാലങ്ങൾ ഓർമ്മ വന്നു പോകുന്നു.

പണ്ട്,വലിയ അവധിയെന്ന് വിശേഷിപ്പിച്ചിരുന്ന മദ്ധ്യവേനലവധിക്കാലമെന്നു പറയുന്നത് ഒരു മാമ്പഴക്കാലം തന്നെയായിരുന്നല്ലോ. തികച്ചും നാടൻമാരായ മാവുകളെക്കൊണ്ടു നിറഞ്ഞതായിരുന്നു നമ്മുടെ ഓരോ തൊടിയും, വളപ്പും.ഒട്ടുമാവുകൾ ഒട്ടുമില്ലായെന്നുതന്നെ പറയാം.എല്ലാവരും ആകാശം തൊട്ടു നിൽക്കുന്ന പടുകൂറ്റൻമാർ.

കുട്ടികളും ഇന്നത്തെപ്പോലെ  ഒട്ടുജാതികളല്ലാത്ത നല്ല നാടൻമാർ.ദൃഢമായ ചുമലുകളുള്ളവർ.  മാങ്ങാച്ചുന കൊണ്ട് കറ പിടിച്ച ചുണ്ടുകളും കവിളുകളുമായി
"വൈ'' എന്ന ഇംഗ്ലീഷക്ഷരത്തെ പോലെ ചെരിഞ്ഞു നിന്ന് അവർ കല്ലുകളും "കൊഴി"ക്കമ്പുകളും ആകാശത്തേക്ക് ശക്തമായി പായിച്ചു കൊണ്ടിരുന്നു. അങ്ങുയരത്തിൽ, മരക്കൊമ്പുകൾക്കിടയിലൂടെ കാണുന്ന ഒറ്റ ഞെട്ടിലെ ഒറ്റമാങ്ങയെ വരെ അർജുനനെപ്പോലെ ഭേദിച്ചിരുന്ന ആ ഉന്നക്കാർ ഒരു മാവുകളെയും ഇന്നത്തെപ്പോലെ  അഹങ്കാരത്തോടെ നിലകൊള്ളാൻ അനുവദിച്ചിരുന്നില്ല. ഒരു മാവും ആരുടെയും സ്വന്തമായിരുന്നില്ല. എല്ലാവരുടെയുമായിരുന്നു. പകലറുതിയാകുമ്പോൾ മാവിൻ ചുവടുകൾ കല്ലുകളും കൊഴികളും  മാവിലകളും ചെറു മാങ്കമ്പുകളും കടിച്ചീമ്പിയ മാങ്ങയണ്ടികളും കൊണ്ട് അലംകൃതമാകും.
പാവം മാവുകൾ.
ഓരോ ദിവസവും അവർക്ക് മാങ്ങകൾ നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു.
ഒരു പക്ഷെ,ആ മാവുകളും തങ്ങളുടെ ശിഖര ഭാരം കുറയ്ക്കാൻ, കുട്ടികളെ വിരുന്നൂട്ടാൻ രാവിലെ മുതൽ കാത്തിരുന്നിരിക്കണം.
ആർക്കറിയാം.

ഇതു പോലെ,ഓരോ പറമ്പിലുമുണ്ടായിരുന്ന  മാകന്ദമരങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അന്നത്തെ എല്ലാ ബാല്യകൗമാരങ്ങളുടെയും പകലുകൾ കടന്നു പോയിരുന്നത്.
എന്റെയും ........

ഏറ്റുമാനൂരെന്ന ഗ്രാമത്തിലായിരുന്നു എന്റെ ബാല്യകൗമാരകാലം കഴിച്ചുകൂട്ടിയത്.വലിയൊരു പറമ്പിലെ വാടകവീട്.നിറയെ വൃക്ഷങ്ങൾ.
പത്തോളം മാവുകൾ. കിളിച്ചുണ്ടൻ,മൂവാണ്ടൻ,പഴുത്താലും പുളിരസം കൈവിട്ടു കളയാത്ത പഴങ്ങൾ തന്ന പുളിഞ്ചൻ മാവ്,കർപ്പൂര മാവ്, നിലയട്ടയുടെ മണം പ്രസരിപ്പിച്ചിരുന്ന പഴമുള്ള അട്ടഊച്ചി മാവ്, പിന്നെ വ്യത്യസ്തമായ പഴങ്ങൾ തന്നു കൊണ്ടിരുന്ന കുറെ പേരില്ലാ മാവുകളും.....

പറമ്പിന്റെ ഒത്ത നടുവിലായി നിലകൊണ്ടിരുന്ന ആ പടുകൂറ്റൻ മാവിന്റെ ചുവടായിരുന്നു എല്ലാവരുടെയും സംഗമ സ്ഥലം.രാവിലെ വരുമ്പോൾ എല്ലാ മാവിൻ മരങ്ങളുടെയും ചുവട്ടിലായി രാത്രി വീണ് കിടന്നുറങ്ങുന്ന മാമ്പഴങ്ങൾ ആദ്യം വരുന്നവർ പെറുക്കിക്കൂട്ടും. അതും ,എറിഞ്ഞിടുന്ന പച്ചമാങ്ങകളും, പിന്നെയിടയ്ക്കിടെ മുത്തശ്ശിമാവുകൾ തന്നുകൊണ്ടിരുന്ന മാമ്പഴങ്ങളും ഭക്ഷണമാക്കിയായിരുന്നു വൈകുന്നേരം വരെ നീളുന്ന വിവിധ കളികൾ അരങ്ങേറിയിരുന്നത്.

കൊത്തങ്കല്ലുകളി,കളം വരച്ചു ഒരു പരന്ന കൽക്കഷണം കാൽ കൊണ്ട് തെറിപ്പിച്ചുള്ള കക്കുകളി, ഈർക്കിലിക്കഷണങ്ങൾ വിടർത്തിയെറിഞ്ഞ് അതോരോന്നും അനങ്ങാതെ പെറുക്കിയെടുക്കുന്ന ഈർക്കിലിക്കളി,
ഗോലികളി,സാറ്റ്, കുട്ടിയും കോലും, കുഴിപ്പന്ത്,നാടൻ പന്ത് അങ്ങനെയങ്ങനെ എന്തെല്ലാം കളികൾ.
തീരാത്ത കളി ദിനങ്ങൾ.
"ഒന്ന്,രണ്ട്,മൂന്ന്......... നൂറ് " എന്നെണ്ണി "ഒളിച്ചാലും ഒളിച്ചില്ലേലും സാറ്റ്, സാറ്റു മരത്തിന്റെ ചുവട്ടിൽ ഒളിക്കാൻ പാടില്ല" എന്ന രണ്ട് കണ്ടീഷനുകളും ചൊല്ലി ഒളിച്ചവരെത്തിരഞ്ഞു നടന്ന ആ സാറ്റുകളി മഹോൽസവങ്ങളിൽ സാറ്റു മരമായും ഒളിമരങ്ങളായും നമ്മോടൊപ്പം കളിച്ചുനിന്ന മാവുകൾ.....
മധുരിക്കുന്ന ഓർമ്മകൾ....

വർഷങ്ങൾക്കു ശേഷം ,ആ വഴി പോയപ്പോൾ പഴയ കളിത്തട്ടകത്തിൽ കയറി.
ആ വാടക വീട് പൊളിച്ചു പോയിരിക്കുന്നു. പുരയിടമദ്ധ്യത്തിലെ ആ പഴയ സാറ്റു മരം മാത്രം കൂട്ടുകാരെയെല്ലാം നഷ്ടപ്പെട്ട്,കാലത്തെ അതിജീവിച്ച്‌ ഇന്നും നിലനിൽക്കുന്നു. .....
ആരെയോ കാത്ത്,
ഏകാകിയായി........

No comments:

Post a Comment