സേവനവാരം .......
ഒരോർമ്മക്കുറിപ്പ് .......
ഈ ഗാന്ധിജയന്തി ദിനത്തിൽ എനിക്കോർമ്മ വരുന്നത് സ്കൂൾ പഠനകാലത്തെ ആ കുറെ നല്ല ദിനങ്ങളാണ്.എന്റെ സമകാലീനരായ ഒരു കൂട്ടം ആളുകൾക്കു മാത്രം ഓർമ്മയിൽ വരുന്ന നാളുകൾ.
മഹാത്മജിയുടെ ആത്മാർപ്പണത്തിന്റെയും മാനവസേവയുടെയും ശുചിത്വത്തിന്റെയും സന്ദേശങ്ങൾ കുട്ടികൾക്കിടയിൽ വളർത്തുവാനുതകുന്ന ഒരു നല്ല പരിപാടിയായിരുന്നു ഒക്ടോബർ രണ്ടിന് തുടങ്ങി ഒരു വാരം നീണ്ടു നിന്നിരുന്ന അന്നത്തെ സേവനവാര മഹോൽസവം.
ഏറ്റുമാനൂർ ഗവ.ബോയ്സ് ഹൈസ്കൂളിലെ എന്റെ ഏഴാം ക്ലാസ്സുകാലം.
അന്ന്,ഞാനുൾപ്പെടെ എല്ലാ കുട്ടികളും രാവിലെ തന്നെ കുളിച്ചൊരുങ്ങി പുസ്തക കെട്ടുകളുടെ ഭാരം കയ്യിലില്ലാതെ സ്കൂളിലെത്തി.പകരം കൈകളിലുള്ളതാകട്ടെ ,വീട്ടിൽ നിന്നെടുത്ത തൂമ്പയും കുട്ടയും വെട്ടുകത്തിയും മറ്റും.
ചിലരുടെ കൈയ്യിലെ സഞ്ചിയിൽ അരിയും പലവ്യഞ്ജനങ്ങളും കപ്പയും തേങ്ങയും വീട്ടിൽ വിളഞ്ഞ മറ്റ് പച്ചക്കറികളും.എല്ലാം ഉച്ചഭക്ഷണത്തിനുള്ളതാണ്.
എല്ലാ കുട്ടികളും പല ഗ്രൂപ്പുകളായി തിരിഞ്ഞ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ പണികൾ തുടങ്ങുന്നു.ചെറിയ കുട്ടികൾക്ക് പുല്ലു പറിക്കൽ പോലുള്ള കുഞ്ഞുജോലികൾ.എന്നെപ്പോലുള്ള ഇടത്തരക്കാർക്ക് സ്കൂളിനുള്ളിലെ ചെറു നിർമ്മാണങ്ങളും പരിസര ശുചീകരണവും.എട്ടാം ക്ലാസ്സുമുതലുള്ള വലിയവർക്ക് പുറത്തു പോയി ആശുപത്രി , കവലകൾ, റോഡുകൾ എന്നിവ വൃത്തിയാക്കാനുള്ള ഭാഗ്യം കിട്ടി.
(അന്ന് പ്ലാസ്റ്റിക് കൂടുകളും കുപ്പികളുമില്ല.വീട്ടിലെ മാലിന്യം വഴിയിൽ കൊണ്ടെറിയുന്ന ഇന്നത്തെ പരിഷ്കൃത സമൂഹവും അന്നില്ല.അതിനാൽ തൊടാനറയ്ക്കുന്ന കൂമ്പാരങ്ങൾ അന്നില്ലായിരുന്നു.ഭാഗ്യം).
മഴക്കാലത്ത് പാദം മൂടി ചെളി വരുന്ന സ്കൂൾ മൈതാനത്തിലുള്ള കെട്ടിടത്തിന്റെ അരികിലൂടെ നടക്കുവാനായി മണ്ണിട്ടുയർത്തുകയായിരുന്നു ഞങ്ങളുടെ ദൗത്യം.
ഇടനേരത്ത് കടും കാപ്പിയും കപ്പ പുഴുങ്ങിയതും മുളകു പൊട്ടിച്ചതും കിട്ടി. കോളാമ്പി മൈക്കിലൂടെ ചുറ്റിലും അലയടിക്കുന്ന ഗാനങ്ങൾ.
"ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല.... ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജൻമ ഗൃഹമല്ലോ..........."
ദേശാഭിമാനവും സംഘബോധവും ഒരു ചാലകശക്തിയായ് സിരകളിൽ നിറഞ്ഞ നിമിഷങ്ങൾ...
അതായിരുന്നു സേവനവാരം.
തോട്ടിപ്പണിയെടുത്ത് മറ്റുള്ളവർക്ക് അദ്ധ്വാനത്തിന്റെ മാതൃക കാട്ടിയ രാഷ്ട്രപിതാവിന് യോജിച്ച അനുസ്മരണമായിരുന്നു അത്.
മണ്ണിൽ തൊടാനറയ്ക്കുന്ന,തൂമ്പ പിടിയ്ക്കാനറിയാത്ത എന്തു മാലിന്യവും വഴിയിൽ തള്ളാൻ മടിയില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചു വിടുന്ന ഇന്നത്തെ തല തിരിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചോർക്കുമ്പോൾ ആ കുറച്ച് ദിവസങ്ങളുടെ പ്രസക്തി ഓർത്തു പോകുന്നു.
പക്ഷെ,എന്തെന്നറിയില്ല ഒന്നോ രണ്ടോ കൊല്ലമേ ഇതൊക്കെ നടന്നുള്ളൂ.
എല്ലാ അർത്ഥപൂർണ്ണങ്ങളായ പരിപാടികളെയും പോലെ ആരംഭത്തിൽ തന്നെ അസ്തമിച്ചു പോയി ഇതും.
മഹാത്മാവേ,
പ്രകടനപരങ്ങളായ കുറെയേറെ അനുഷ്ഠാനങ്ങളിലൂടെ ഞങ്ങൾ ഇനിയും അങ്ങയുടെ ജന്മദിനം ആഘോഷിച്ചു കൊള്ളാം...
ഉറപ്പ്
No comments:
Post a Comment