Sunday, 15 May 2016

ഫാദർ.പീറ്റർ പുളിവേലിൽ, ഒരോർമ്മക്കുറിപ്പ്

പീറ്റർ പുളിവേലിലച്ചന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആ പ്രീഡിഗ്രിക്കാലത്തെ ഒന്നോർക്കട്ടെ....

പീറ്ററച്ചൻ ഒന്നാം വർഷത്തിലെ Prose ആണ് പഠിപ്പിച്ചിരുന്നത് എന്നു തോന്നുന്നു.patterns of English proses (അതോ .....modern prose ആണോ) എന്നോ മറ്റോ പേരുള്ള ഒരു ഇംഗ്ലീഷ് പാഠപുസ്തകമായിരുന്നു പീറ്ററച്ചൻ പഠിപ്പിക്കുവാൻ ശ്രമിച്ചിരുന്നത്. (ശ്രമിച്ചിരുന്നത് എന്ന പ്രയോഗം എന്നെക്കുറിച്ചു മാത്രമാണ്, നിങ്ങളെക്കുറിച്ചല്ല) കേരളത്തിലെ തന്നെ തോൽവിയ്ക്ക് പേരുകേട്ട ഒരു മലയാളം മീഡിയം സർക്കാർ സ്കൂളിൽ നിന്നും പുറത്തു വന്നതുകൊണ്ട് എനിയ്ക്കതൊന്നും ദഹിച്ചിരുന്നില്ല എന്നതാണ് സത്യം.

ആകെ ആ പുസ്തകത്തിൽ നിന്ന് ഇപ്പോൾ എനിക്ക് ഓർമ്മയുള്ളതാകട്ടെ Excruciating എന്ന വാക്ക് മാത്രമാണ്. പ്രിൻസിപ്പാൾ നെസ്തോറച്ചൻ ഒരു ദിവസം ക്ലാസിൽ വന്ന് മേൽപ്പറഞ്ഞ പുസ്തകം പഠിപ്പിച്ചപ്പോൾ മേൽപ്പടി വാക്ക്  Oxford മൊഴിയിൽ എന്നെക്കൊണ്ട് ഉച്ചരിപ്പിക്കാൻ അച്ചൻ ശ്രമിക്കുകയും ഞാൻ തുടർച്ചയായി ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
അച്ചൻ എന്റെ ചെവിക്ക് പിടിച്ചു തിരിച്ചു.
ക്ലാസ്സിലാകെ കൂട്ടച്ചിരി മുഴങ്ങി.
ഇംഗ്ലിഷ് പോലും മലയാളത്തിൽ പഠിപ്പിച്ചിരുന്ന സർക്കാർ സ്കൂൾ ഉൽപ്പന്നമായ എനിക്കുണ്ടോ oxford ശൈലി വഴങ്ങുന്നു.

പിന്നെ നാൾക്ക് നാൾ ക്ലാസ്സിൽ കയറുന്ന ശീലം കുറഞ്ഞു കുറഞ്ഞു വന്നു. patterns of....... എന്ന കിതാബ് കൺസഷൻ കിട്ടാനുള്ള ഒരു വസ്തു മാത്രമായി മാറി.
പതിയെ "ക്ലാസിൽ കയറാതെ പഠിക്കുക" എന്ന പുതിയ ഒരു പഠന സമ്പ്രദായവും സ്വന്തമായി വികസിപ്പിച്ചു നടപ്പാക്കി.
186 എന്ന എന്റെ നമ്പരാകട്ടെ പലർക്കും ചൊല്ലുവാനായി കടം കൊടുത്തു. ആ പുതിയ ജീവിതത്തിൽ പിന്നെ പീറ്ററച്ചനെ കാണുക കോളജ് ഇടനാഴികളിൽ വെച്ച് വല്ലപ്പോഴും മാത്രമായി.
എങ്കിലും അച്ചന്റെ ആ ഉജ്ജ്വലരൂപം ഇന്നും എന്റെ ഓർമ്മയിൽ തിളങ്ങി നിൽക്കുന്നു. ഇരുവശത്തേക്കും മെടഞ്ഞിട്ട ലേശം ചുരുണ്ട നീണ്ട മുടി.
കറുത്തിരുണ്ട താടി.
വെളുത്ത ളോഹയിലൊളിപ്പിച്ച ഒരു അത് ലറ്റിന്റെ പോലെ കരുത്തുറ്റ ദീർഘകായം.
ഒരു തേജോമയരൂപം....
പ്രിയ ഗുരോ ....
പ്രണാമം...

No comments:

Post a Comment