Wednesday, 31 January 2018

ഓണമേ വിട

ഓണമേ വിട
.............................................

ഓണത്തിന്റെ ആരവങ്ങൾ ഒടുങ്ങിത്തുടങ്ങി. പൂക്കളങ്ങളിൽ വിതറിയ വർണ്ണപ്പൂവുകളും വാടിത്തുടങ്ങുന്നു.
അകത്ത് മിനി സ്ക്രീനിൽ ഓണപ്പരിപാടികളും പുറത്ത് ക്ലബ്ബോണാഘോഷങ്ങളും അരങ്ങേറിക്കൊണ്ടേയിരിക്കുന്നു.
അങ്ങനെയൊരു രണ്ടുനാൾ കൂടി.......

മാവേലി തന്റെ പ്രവാസലോകത്തിലേക്കുള്ള മടക്കയാത്രയിലായിരിക്കാം ഇപ്പോൾ.
നമുക്കും ആധികളിലേക്കും വ്യാധികളിലേക്കും പിൻമടങ്ങുവാനുള്ള സമയമായി.
കള്ളത്തരങ്ങളും പൊളിവചനങ്ങളും കേൾക്കുവാനും കള്ളപ്പറയും ചെറുനാഴിയുമൊരുക്കുവാനുമുള്ള സമയം  വൈകിയിരിക്കുന്നു.
ഇനി നമുക്ക്  പ്ലാസ്റ്റിക്ക് കൂടുകളും കുപ്പികളും മലിനവസ്തുക്കളും കൊണ്ട് പാതയോരത്ത്  പൂക്കളങ്ങളൊരുക്കാം... അങ്ങനെയൊരു മുന്നൂറ്റി അറുപത്തിനാലു ദിനം കൂടി ......
വീണ്ടുമൊരു തിരുവോണം.......

ഒരിക്കൽ കൂടി ഓണമാഘോഷിക്കാനുള്ള അവസരം നൽകിയതിന് ജഗത്പിതാവിന് നന്ദി.

മാണിക്കൻ

മാണിക്കൻ
........
വളർത്തുമൃഗങ്ങളെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെ കരുതി അവരെ പേരിട്ട് വിളിച്ച് ഓമനിച്ച് പോറ്റിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നതെല്ലാം മാറിയിരിക്കുന്നു. ഭൂമിയുടെ അവകാശികളായി, നമ്മോടൊപ്പം ജീവിച്ച് മരിക്കാൻ അവകാശമുള്ള അവർ ഉപയോഗം കഴിഞ്ഞാൽ ഉപേക്ഷിക്കേണ്ട ഉപഭോഗവസ്തു മാത്രമായി കരുതപ്പെടുന്ന ഇക്കാലത്ത് മലയാള  കഥാസാഹിത്യത്തിലെ അമ്മയായിരുന്ന  ലളിതാംബിക അന്തർജനത്തിന്റെ ഈ കഥ പ്രസക്തമാകുന്നു. പണ്ട് സ്കൂളിൽ മലയാള പാഠാവലിയിലെ ഒരു പാഠമായിരുന്നു "മാണിക്കൻ". അന്ന് കണ്ണീരണിയാതെ വായിച്ചു തീർക്കാൻ കഴിയാതിരുന്ന മാണിക്കൻ എന്ന കാളയുടെ കഥ കരുണ, ദീനാനുകമ്പ, സഹജീവി സ്നേഹം, അഹിംസ എന്നീ സദ്ഗുണങ്ങൾ കുഞ്ഞു മനസ്സുകളിൽ വേരോടിക്കുവാൻ എത്രയോ സഹായിച്ചിരുന്നു. എൺപതുകളിൽ സ്കൂളിൽ പഠിച്ചിരുന്നവർ ഈ കഥ ഒരിക്കലെങ്കിലും വായിച്ചിരിക്കാം.

തന്റെ പുലമാടത്തിലേക്ക് ജൻമിയുടെ വീട്ടിൽ നിന്നും  കൊണ്ടുവന്ന മാണിക്കൻ എന്ന കാളക്കുട്ടനെ കറമ്പനും മകൻ അഴകനും മകൾ നീലിയും ഓമനിച്ചു വളർത്തി. അവരുടെ സ്നേഹവാത്സല്യങ്ങളേറ്റ് വളർന്ന അവൻ ഒരു ഒത്ത ഉഴവുകാളയായി. ആരുടെ കാളയെക്കാളും അഴകുറ്റ മാണിക്കനെക്കണ്ട് അസൂയ മൂത്ത അഴകന്റെ കൂട്ടുകാരനായ ചോതിയുടെയും മറ്റ് പണിക്കാരുടെയും ഏഷണി കേട്ട യജമാനൻ മാണിക്കനെ ബലമായി പിടിച്ചു കൊണ്ടുപോയി ഏതോ വണ്ടിക്കാരനു വിറ്റു.

കാലങ്ങൾക്കു ശേഷം, ജീവിത പ്രാരാബ്ധ നിവൃത്തിക്കായി കൂപ്പുപണിയ്ക്ക് പോയ അഴകൻ  കഷ്ടപ്പെട്ട് സമ്പാദിച്ച ഇത്തിരി കാശുമായി തിരിച്ചു വരും വഴി രാത്രിയിൽ കൊക്കയിൽ വീണു കിടന്ന കാളവണ്ടിയിലെ വണ്ടിക്കാരനെയും കൊമ്പും കാലുമൊടിഞ്ഞ കാളയെയും രക്ഷപെടുത്തുന്നു. അർദ്ധ വെളിച്ചത്തിൽ ആ വയസ്സൻ കാളയുടെ കഴുത്തിനു കീഴിലെ നേർത്ത പുള്ളി കണ്ട് തന്റെ കളിത്തോഴനെ തിരിച്ചറിഞ്ഞ അഴകൻ വണ്ടിക്കാരന്റെ വാക്കുകൾ ഞെട്ടലോടെ കേട്ടു.
"പാവം മാണിക്കൻ, ഒത്ത കാളയായിരുന്നു.എത്ര വലിയ ഭാരവുംവലിക്കും. എന്തു ചെയ്യാൻ, ഇനി ഇറച്ചിക്കല്ലേ കൊള്ളൂ"
തന്റെ മാണിക്കനെ അറക്കാൻ കൊടുക്കുകയോ. അഴകനത് ചിന്തിക്കാനാവില്ല.
പണിയെടുത്ത് മിച്ചം വെച്ച നാലര രൂപയ്ക്ക് കാലും കൊമ്പുമൊടിഞ്ഞ മാണിക്കനെ വാങ്ങി മുടന്തി മുടന്തി നടത്തി  വെറും വെള്ളം കലത്തിൽ തിളക്കുന്ന കുടിലിലേക്ക് ,വിശന്ന വയറുകളുമായി പാവാടത്തുണിയും പയവും മുട്ടായിയും കാത്തിരുന്ന മക്കൾക്കു മുൻപിലേക്കെത്തുന്നു.
ഇതാണാ കഥയുടെ ചുരുക്കം.

സ്കൂളിൽ പഠിച്ച
"മാണിക്കനെ"യും ബഷീറിന്റെ  "ഭൂമിയുടെ അവകാശികളെ"യും പത്മനാഭന്റെ "ശേഖൂട്ടി "യെയും പോലുള്ള കഥകളും
"ലോകമേ തറവാട്, നമുക്കീച്ചെടികളും, പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ" എന്ന വള്ളത്തോൾ വരികളും അവ പഠിപ്പിച്ച അധ്യാപകരും
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചപ്പോഴും, അരണയെയും ഓന്തിനെയും കല്ലെറിഞ്ഞപ്പോഴും അരുതെന്ന് വിലക്കിയ മാതാപിതാക്കളുമാണ്  പ്രാണികളെപ്പോലും സഹജീവികളായി കാണാനും ഹിംസ പാപമാണെന്നും എത്രയോ പേരെ  പഠിപ്പിച്ചത്.
ഇന്നോ...?
വാഷ്ബേസിനിൽ കാണുന്ന എറുമ്പുകളെപ്പോലും കയറ്റി വിട്ടതിനു ശേഷം മാത്രം കൈകഴുകാൻ ഇന്നുമെന്നെ പ്രേരിപ്പിക്കുന്ന, സംസ്ക്കാര സമ്പന്നമായിരുന്ന ആ പഴയ കാലത്തിന് പ്രണാമം.

രാജേഷ് ചന്ദ്രന്റെ മാതൃക

നമ്മുടെ കുട്ടികൾ വഴിയിലുണ്ട്, ശ്രദ്ധിക്കണേ

ഇന്നലെ വഴിയിൽ വെച്ചു കണ്ട ഒരു കാറിന്റെ പിന്നിലെ ഗ്ലാസിൽ കണ്ട സ്റ്റിക്കർ. അന്വേഷിച്ചപ്പോൾ കാറുടമയായ കോട്ടയംകാരൻ ശ്രീ.രാജേഷ് ചന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ സഹോദരൻ വിദേശത്തു നിന്നും കൊണ്ടുവന്നതാണ്,അവിടെ സ്കൂൾ തുറക്കുമ്പോൾ എല്ലാ വാഹനത്തിലും ഇത് നിർബന്ധമായും പതിക്കണമത്രേ. അനുകരണനീയമായ ഒന്ന്. ഇവിടെ അത് സ്വന്തം വാഹനത്തിൽ പതിപ്പിക്കാൻ തോന്നിയ ശ്രീ.രാജേഷ് ചന്ദ്രന് കയ്യടി...

എല്ലാവരും സൂക്ഷിച്ചു വാഹനമോടിക്കണേ....
നമ്മുടെ കുഞ്ഞുങ്ങൾ വഴിയിലുണ്ട്. അവർ അപക്വരാണ്. നമ്മെപ്പോലെ വഴിയിൽ പതിയിരിക്കുന്ന വിപത്തുകളെക്കുറിച്ച് ബോധമില്ലാത്തവരും അവയെ നേരിടുവാൻ പ്രായോഗിക പരിചയമില്ലാത്തവരുമാണ്. നമ്മളവർക്ക് അതിനുള്ള പരിശീലനം നൽകുന്നുമില്ല. കുട്ടികൾ ചിത്രശലഭങ്ങളെപ്പോലെ റോഡിൽ തുള്ളിക്കളിച്ചേക്കാം. നമ്മളാണ് ശ്രദ്ധിക്കേണ്ടത്.
ഒരു കുഞ്ഞിനും ഇക്കൊല്ലം റോഡിൽ അപകടമുണ്ടാകാതിരിക്കട്ടെ..

റൗണ്ട് എബൗട്ടുകൾ

റൗണ്ട് എബൗട്ടുകൾ

ഡ്രൈവിംഗ് ആയാസരഹിതമാക്കുവാനായി ആസൂത്രണം ചെയ്ത് നിർമ്മിച്ചവയാണ് റൗണ്ട് എബൗട്ടുകൾ.അവിടെ ക്രമമില്ലാതെ പെരുമാറുന്നതുവഴി ഗതാഗതം കൂടുതൽ സങ്കീർണ്ണമാക്കുകയാണ് നാം ചെയ്തു വരുന്നത്. ജംഗ്ഷനുകളിലാകട്ടെ, വേഗത കുറയ്ക്കാതെ അല്ലെങ്കിൽ വേഗത വർദ്ധിപ്പിച്ച് മറ്റ് വാഹനങ്ങളെയും യാത്രക്കാരെയും ഒട്ടും പരിഗണിക്കാതെ ഓടിച്ചു പോകുന്നു.

റൗണ്ട്എബൗട്ടുകളിലും റോഡ് ഇന്റർസെക്ഷൻ, ജംഗ്ഷൻ,പെഡസ്ട്രിയൻ ക്രോസിംഗ്,റോഡ് കോർണറുകൾ എന്നിവിടങ്ങളിലും നിയമാനുസരണം പെരുമാറേണ്ടതെങ്ങിനെയെന്നാണ് ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 9 ലും 10 ലും പ്രതിപാദിക്കുന്നത്.
..........................................................
ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 9.

ഒരു ഇന്റർസെക്ഷനിൽ ഡ്രൈവർ എടുക്കേണ്ട മുൻകരുതലുകൾ.....

1.ഒരു റോഡ് ഇന്റർസെക്ഷൻ, ജംഗ്ഷൻ,പെഡസ്ട്രിയൻ ക്രോസിംഗ്,റോഡ് കോർണറുകൾ എന്നിവയെ സമീപിക്കുമ്പോൾ ഡ്രൈവർ  തന്റെ വാഹനത്തിന്റെ വേഗത നിർബന്ധമായും കുറയ്ക്കേണ്ടതാണ്.
കൂടാതെ അവിടേയ്ക്ക് പ്രവേശിക്കുന്നതുമൂലം ഇന്റർസെക്ഷനിലോ ജംഗ്ഷനിലോ പെഡസ്ട്രിയൻ ക്രോസിംഗിലോ റോഡ് കോർണറിലോ നിലവിൽ ഉള്ളതും അവിടേയ്ക്ക് പ്രവേശിക്കുന്നതുമായ മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടമുണ്ടാകാൻ ഇടയുള്ള പക്ഷം അങ്ങോട്ടേയ്ക്ക്  പ്രവേശിക്കുവാൻ പാടുള്ളതല്ല.

2.ഇന്റർസെക്ഷനുകളിലും ജംഗ്ഷനുകളിലും വലതു വശത്തു നിന്നും വരുന്ന വാഹനങ്ങൾക്കായിരിക്കും മുൻഗണന.

(ഈ നിയമം  താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ബാധകമല്ലാത്തതാകുന്നു..

(a) ട്രാഫിക് ഉദ്യോഗസ്ഥനാലോ, ട്രാഫിക് ലൈറ്റു കൊണ്ടോ, ട്രാഫിക് അടയാളം കൊണ്ടോ നിയന്ത്രിക്കപ്പെടുന്ന ഇന്റർസെക്ഷനുകളിലും ജംഗ്ഷനുകളിലും.

(b) വാഹനം ഒരു അപ്രധാന റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ )

3. ഒരു ഇന്റർസെക്ഷനിൽ ഗതാഗതം നിശ്ചലമായിരിക്കുന്ന അവസ്ഥയിൽ, അതൊരു മെയിൻ റോഡാണെന്നിരുന്നാലും, അല്ലെങ്കിൽ അവിടേയ്ക്ക് പ്രവേശിക്കുവാനുള്ള അനുകൂല സിഗ്നൽ ഉണ്ടെന്നിരുന്നാലും ആ ഇന്റർസെക്ഷനിലേക്ക് അപ്പോൾ പ്രവേശിക്കുവാൻ പാടുള്ളതല്ല.

..........................................................
ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 10.

റൗണ്ട് എബൗട്ടുകളിൽ ഡ്രൈവർ എടുക്കേണ്ട മുൻകരുതലുകൾ.....

1.റൗണ്ട് എബൗട്ടുകളിലേക്ക് പ്രവേശിക്കുമ്പോൾ, നിലവിൽ അവിടെയുള്ള വാഹനങ്ങൾക്കായിരിക്കും മുൻഗണനയും വഴിക്കുള്ള അവകാശവും.

2.റൗണ്ട് എബൗട്ടുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അവയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള ലെയിൻ തന്നെ തിരഞ്ഞെടുക്കേണ്ടതാണ്.

3.റൗണ്ട് എബൗട്ടിനുള്ളിൽ വെച്ച് ലെയിൻ മാറുന്നുണ്ടെങ്കിൽ ഡ്രൈവർ  ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കേണ്ടതാണ്.

4.റൗണ്ട് എബൗട്ടിൽനിന്നും പുറത്തിറങ്ങുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഇടത്തോട്ട് തിരിയുമ്പോൾ നിയമാനുസരണം പിന്തുടരേണ്ട രീതി പാലിക്കേണ്ടതാണ്.

ഇടവപ്പാതി മഴ

ഇടവപ്പാതി

ഇടവമാസം പാതിയായി.വെള്ളമില്ലായ്മയുടെ ദുരന്തങ്ങളിൽ നിന്നും നമുക്ക് മോചനം നൽകി ഇടവപ്പാതി മഴയുമെത്തി.സ്കൂൾ തുറപ്പിന് പണ്ടും കണിശമായി പ്രവേശനോൽസവം പോലെ എത്തിയിരുന്ന ഇടവപ്പാതിമഴ കേരളീയജീവിതത്തിന്റെ ഭാഗമായിരുന്നു , ഒരു കാലത്ത്.

ഇടവപ്പാതിയെന്ന് കേൾക്കുമ്പോൾ പി. ഭാസ്കരൻ മാഷ് ആരണ്യകാണ്ഡം സിനിമയ്ക്ക് വേണ്ടിയെഴുതിയ ആ മനോഹരഗാനമാണ് മനസ്സിലേക്കെത്തുന്നത്. കേട്ടാലും കേട്ടാലും മതിവരാത്ത ഒന്ന്. 

പഴയ വഴിത്താരയിലൂടെ നടന്നുവരുന്ന ഗായകൻ തന്റെ ഗതകാല ജീവിത രംഗങ്ങളിലേക്ക് എത്തിച്ചേരുന്നു. ഒന്ന് കേട്ടു നോക്കൂ....

"ഈ വഴിയും ഈ മരത്തണലും പൂവണിമരതകപ്പുൽമെത്തയും കല്പനയെ പുറകോട്ട് വിളിക്കുന്നു, കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു.
ഇടവപ്പാതിയിൽ കുടയില്ലാതെ ഇലഞ്ഞിമരച്ചോട്ടിലിരുന്നു നമ്മൾ, പണ്ടിരുന്നു നമ്മൾ.
കുടവുമായ് വന്ന വർഷമേഘസുന്ദരി,കുളിപ്പിച്ചു നമ്മെ  കുളിപ്പിച്ചു.
                    ( ഈ വഴിയും .....)
പറന്നു വന്ന പവമാനൻ നമ്മെ പനിനീർ ധാരയാൽ പൂജിച്ചു, നമ്മെ പൂജിച്ചു.
കുളിരകറ്റാൻ നിന്റെ കൊച്ചുധാവണിയെ കുടയായ് മാറ്റി നമ്മളുരുമ്മി നിന്നു,നമ്മൾ ഉരുമ്മി നിന്നു."
                  ( ഈ വഴിയും .....)
ഇലഞ്ഞിമരച്ചുവട്, ധാവണിത്തുമ്പ് അങ്ങനെ കുറെ പഴയകാല കേരളീയ ജീവിത ബിംബങ്ങൾ പ്രണയത്തിന്റെ ഇഴചേർത്ത്,മഴയുടെ പശ്‌ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
ഭാസ്കരൻ മാഷിന്റെ പൊൻതൂലികയ്ക്ക് പ്രണാമമർപ്പിച്ചു കൊണ്ട് ഇക്കൊല്ലവും ആ വർഷമേഘസുന്ദരി നിറകുടവുമായി എത്തിച്ചേരട്ടെ എന്ന്  പ്രാർത്ഥിക്കുന്നു..
എല്ലാവർക്കും ഇടവപ്പാതി ആശംസകൾ..

കൂടെ വിദ്യാലയങ്ങളിലേക്ക് ഉൽസാഹത്തോടെ പോകുവാനൊരുങ്ങുന്ന കൊച്ചു കൂട്ടുകാർക്കും അധ്യാപക സോദരങ്ങൾക്കും ആശംസകൾ.....
ഈ വർഷവും വിജയം നിങ്ങളുടേതാകട്ടെ......

പിറന്നാൾ

പിറന്നാൾ ആശംസകൾ നേർന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി. സത്യത്തിൽ ധനുമാസത്തിലെ വിശാഖം നാളിലാണ് എന്റെ ജനനം. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഡിസംബർ 31 രാത്രി. പക്ഷെ സ്കൂളിൽ ചേർക്കാനായി ചെന്നപ്പോൾ അധ്യാപകനായിരുന്ന അച്ഛൻ മെയ് 30 എന്റെ ജനനത്തിയതിയായി  ഔദ്യോഗികമായി  പ്രഖ്യാപിച്ചു.ജൂൺ ഒന്നിന് അഞ്ച് വയസ്സ് തികയണമല്ലോ.
ദിവസം ഏതുമാകട്ടെ,
ജന്മദിനങ്ങളോരോന്നും ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളാണല്ലോ.നാം യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന ഒന്ന്.അയ്യപ്പപ്പണിക്കർ പാടിയതുപോലെ
"കൊഴിയുന്നു കരിയിലകൾ,നാഴിക വിനാഴികകൾ,കഴിയുന്നു നിറമുള്ള കാലം"
എന്നും നമ്മെ ഓർമ്മിപ്പിക്കുന്ന ഒന്ന്.
ആശംസകൾക്ക് വീണ്ടും നന്ദി, പ്രിയരേ

മാമ്പഴക്കാലം

മാമ്പഴക്കാലം...
മദ്ധ്യവേനലവധിക്കാലം.

ഇന്ന്, നമ്മുടെ നാട്ടിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം നിറയെ ഉണ്ണിമാങ്ങകളും കണ്ണിമാങ്ങകളും പിന്നെ മാമ്പഴങ്ങളുമായി
വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും കുലകെട്ടി കായ്ച്ചു നിൽക്കുന്ന എത്രയോ മാവുകളാണ്.
എത്ര മനോഹരമായ കാഴ്ച.
നിറഫലങ്ങളുമായി നിലകൊള്ളുന്ന ഈ വൃക്ഷ ശ്രേഷ്ഠൻമാരെ കാണുമ്പോൾ  എന്റെ പഴയ മദ്ധ്യവേനലവധിക്കാലങ്ങൾ ഓർമ്മ വന്നു പോകുന്നു.

പണ്ട്,വലിയ അവധിയെന്ന് വിശേഷിപ്പിച്ചിരുന്ന മദ്ധ്യവേനലവധിക്കാലമെന്നു പറയുന്നത് ഒരു മാമ്പഴക്കാലം തന്നെയായിരുന്നല്ലോ. തികച്ചും നാടൻമാരായ മാവുകളെക്കൊണ്ടു നിറഞ്ഞതായിരുന്നു നമ്മുടെ ഓരോ തൊടിയും, വളപ്പും.ഒട്ടുമാവുകൾ ഒട്ടുമില്ലായെന്നുതന്നെ പറയാം.എല്ലാവരും ആകാശം തൊട്ടു നിൽക്കുന്ന പടുകൂറ്റൻമാർ.

കുട്ടികളും ഇന്നത്തെപ്പോലെ  ഒട്ടുജാതികളല്ലാത്ത നല്ല നാടൻമാർ.ദൃഢമായ ചുമലുകളുള്ളവർ.  മാങ്ങാച്ചുന കൊണ്ട് കറ പിടിച്ച ചുണ്ടുകളും കവിളുകളുമായി
"വൈ'' എന്ന ഇംഗ്ലീഷക്ഷരത്തെ പോലെ ചെരിഞ്ഞു നിന്ന് അവർ കല്ലുകളും "കൊഴി"ക്കമ്പുകളും ആകാശത്തേക്ക് ശക്തമായി പായിച്ചു കൊണ്ടിരുന്നു. അങ്ങുയരത്തിൽ, മരക്കൊമ്പുകൾക്കിടയിലൂടെ കാണുന്ന ഒറ്റ ഞെട്ടിലെ ഒറ്റമാങ്ങയെ വരെ അർജുനനെപ്പോലെ ഭേദിച്ചിരുന്ന ആ ഉന്നക്കാർ ഒരു മാവുകളെയും ഇന്നത്തെപ്പോലെ  അഹങ്കാരത്തോടെ നിലകൊള്ളാൻ അനുവദിച്ചിരുന്നില്ല. ഒരു മാവും ആരുടെയും സ്വന്തമായിരുന്നില്ല. എല്ലാവരുടെയുമായിരുന്നു. പകലറുതിയാകുമ്പോൾ മാവിൻ ചുവടുകൾ കല്ലുകളും കൊഴികളും  മാവിലകളും ചെറു മാങ്കമ്പുകളും കടിച്ചീമ്പിയ മാങ്ങയണ്ടികളും കൊണ്ട് അലംകൃതമാകും.
പാവം മാവുകൾ.
ഓരോ ദിവസവും അവർക്ക് മാങ്ങകൾ നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു.
ഒരു പക്ഷെ,ആ മാവുകളും തങ്ങളുടെ ശിഖര ഭാരം കുറയ്ക്കാൻ, കുട്ടികളെ വിരുന്നൂട്ടാൻ രാവിലെ മുതൽ കാത്തിരുന്നിരിക്കണം.
ആർക്കറിയാം.

ഇതു പോലെ,ഓരോ പറമ്പിലുമുണ്ടായിരുന്ന  മാകന്ദമരങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അന്നത്തെ എല്ലാ ബാല്യകൗമാരങ്ങളുടെയും പകലുകൾ കടന്നു പോയിരുന്നത്.
എന്റെയും ........

ഏറ്റുമാനൂരെന്ന ഗ്രാമത്തിലായിരുന്നു എന്റെ ബാല്യകൗമാരകാലം കഴിച്ചുകൂട്ടിയത്.വലിയൊരു പറമ്പിലെ വാടകവീട്.നിറയെ വൃക്ഷങ്ങൾ.
പത്തോളം മാവുകൾ. കിളിച്ചുണ്ടൻ,മൂവാണ്ടൻ,പഴുത്താലും പുളിരസം കൈവിട്ടു കളയാത്ത പഴങ്ങൾ തന്ന പുളിഞ്ചൻ മാവ്,കർപ്പൂര മാവ്, നിലയട്ടയുടെ മണം പ്രസരിപ്പിച്ചിരുന്ന പഴമുള്ള അട്ടഊച്ചി മാവ്, പിന്നെ വ്യത്യസ്തമായ പഴങ്ങൾ തന്നു കൊണ്ടിരുന്ന കുറെ പേരില്ലാ മാവുകളും.....

പറമ്പിന്റെ ഒത്ത നടുവിലായി നിലകൊണ്ടിരുന്ന ആ പടുകൂറ്റൻ മാവിന്റെ ചുവടായിരുന്നു എല്ലാവരുടെയും സംഗമ സ്ഥലം.രാവിലെ വരുമ്പോൾ എല്ലാ മാവിൻ മരങ്ങളുടെയും ചുവട്ടിലായി രാത്രി വീണ് കിടന്നുറങ്ങുന്ന മാമ്പഴങ്ങൾ ആദ്യം വരുന്നവർ പെറുക്കിക്കൂട്ടും. അതും ,എറിഞ്ഞിടുന്ന പച്ചമാങ്ങകളും, പിന്നെയിടയ്ക്കിടെ മുത്തശ്ശിമാവുകൾ തന്നുകൊണ്ടിരുന്ന മാമ്പഴങ്ങളും ഭക്ഷണമാക്കിയായിരുന്നു വൈകുന്നേരം വരെ നീളുന്ന വിവിധ കളികൾ അരങ്ങേറിയിരുന്നത്.

കൊത്തങ്കല്ലുകളി,കളം വരച്ചു ഒരു പരന്ന കൽക്കഷണം കാൽ കൊണ്ട് തെറിപ്പിച്ചുള്ള കക്കുകളി, ഈർക്കിലിക്കഷണങ്ങൾ വിടർത്തിയെറിഞ്ഞ് അതോരോന്നും അനങ്ങാതെ പെറുക്കിയെടുക്കുന്ന ഈർക്കിലിക്കളി,
ഗോലികളി,സാറ്റ്, കുട്ടിയും കോലും, കുഴിപ്പന്ത്,നാടൻ പന്ത് അങ്ങനെയങ്ങനെ എന്തെല്ലാം കളികൾ.
തീരാത്ത കളി ദിനങ്ങൾ.
"ഒന്ന്,രണ്ട്,മൂന്ന്......... നൂറ് " എന്നെണ്ണി "ഒളിച്ചാലും ഒളിച്ചില്ലേലും സാറ്റ്, സാറ്റു മരത്തിന്റെ ചുവട്ടിൽ ഒളിക്കാൻ പാടില്ല" എന്ന രണ്ട് കണ്ടീഷനുകളും ചൊല്ലി ഒളിച്ചവരെത്തിരഞ്ഞു നടന്ന ആ സാറ്റുകളി മഹോൽസവങ്ങളിൽ സാറ്റു മരമായും ഒളിമരങ്ങളായും നമ്മോടൊപ്പം കളിച്ചുനിന്ന മാവുകൾ.....
മധുരിക്കുന്ന ഓർമ്മകൾ....

വർഷങ്ങൾക്കു ശേഷം ,ആ വഴി പോയപ്പോൾ പഴയ കളിത്തട്ടകത്തിൽ കയറി.
ആ വാടക വീട് പൊളിച്ചു പോയിരിക്കുന്നു. പുരയിടമദ്ധ്യത്തിലെ ആ പഴയ സാറ്റു മരം മാത്രം കൂട്ടുകാരെയെല്ലാം നഷ്ടപ്പെട്ട്,കാലത്തെ അതിജീവിച്ച്‌ ഇന്നും നിലനിൽക്കുന്നു. .....
ആരെയോ കാത്ത്,
ഏകാകിയായി........