Wednesday, 31 January 2018

പിറന്നാൾ

പിറന്നാൾ ആശംസകൾ നേർന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി. സത്യത്തിൽ ധനുമാസത്തിലെ വിശാഖം നാളിലാണ് എന്റെ ജനനം. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഡിസംബർ 31 രാത്രി. പക്ഷെ സ്കൂളിൽ ചേർക്കാനായി ചെന്നപ്പോൾ അധ്യാപകനായിരുന്ന അച്ഛൻ മെയ് 30 എന്റെ ജനനത്തിയതിയായി  ഔദ്യോഗികമായി  പ്രഖ്യാപിച്ചു.ജൂൺ ഒന്നിന് അഞ്ച് വയസ്സ് തികയണമല്ലോ.
ദിവസം ഏതുമാകട്ടെ,
ജന്മദിനങ്ങളോരോന്നും ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളാണല്ലോ.നാം യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന ഒന്ന്.അയ്യപ്പപ്പണിക്കർ പാടിയതുപോലെ
"കൊഴിയുന്നു കരിയിലകൾ,നാഴിക വിനാഴികകൾ,കഴിയുന്നു നിറമുള്ള കാലം"
എന്നും നമ്മെ ഓർമ്മിപ്പിക്കുന്ന ഒന്ന്.
ആശംസകൾക്ക് വീണ്ടും നന്ദി, പ്രിയരേ

മാമ്പഴക്കാലം

മാമ്പഴക്കാലം...
മദ്ധ്യവേനലവധിക്കാലം.

ഇന്ന്, നമ്മുടെ നാട്ടിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം നിറയെ ഉണ്ണിമാങ്ങകളും കണ്ണിമാങ്ങകളും പിന്നെ മാമ്പഴങ്ങളുമായി
വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും കുലകെട്ടി കായ്ച്ചു നിൽക്കുന്ന എത്രയോ മാവുകളാണ്.
എത്ര മനോഹരമായ കാഴ്ച.
നിറഫലങ്ങളുമായി നിലകൊള്ളുന്ന ഈ വൃക്ഷ ശ്രേഷ്ഠൻമാരെ കാണുമ്പോൾ  എന്റെ പഴയ മദ്ധ്യവേനലവധിക്കാലങ്ങൾ ഓർമ്മ വന്നു പോകുന്നു.

പണ്ട്,വലിയ അവധിയെന്ന് വിശേഷിപ്പിച്ചിരുന്ന മദ്ധ്യവേനലവധിക്കാലമെന്നു പറയുന്നത് ഒരു മാമ്പഴക്കാലം തന്നെയായിരുന്നല്ലോ. തികച്ചും നാടൻമാരായ മാവുകളെക്കൊണ്ടു നിറഞ്ഞതായിരുന്നു നമ്മുടെ ഓരോ തൊടിയും, വളപ്പും.ഒട്ടുമാവുകൾ ഒട്ടുമില്ലായെന്നുതന്നെ പറയാം.എല്ലാവരും ആകാശം തൊട്ടു നിൽക്കുന്ന പടുകൂറ്റൻമാർ.

കുട്ടികളും ഇന്നത്തെപ്പോലെ  ഒട്ടുജാതികളല്ലാത്ത നല്ല നാടൻമാർ.ദൃഢമായ ചുമലുകളുള്ളവർ.  മാങ്ങാച്ചുന കൊണ്ട് കറ പിടിച്ച ചുണ്ടുകളും കവിളുകളുമായി
"വൈ'' എന്ന ഇംഗ്ലീഷക്ഷരത്തെ പോലെ ചെരിഞ്ഞു നിന്ന് അവർ കല്ലുകളും "കൊഴി"ക്കമ്പുകളും ആകാശത്തേക്ക് ശക്തമായി പായിച്ചു കൊണ്ടിരുന്നു. അങ്ങുയരത്തിൽ, മരക്കൊമ്പുകൾക്കിടയിലൂടെ കാണുന്ന ഒറ്റ ഞെട്ടിലെ ഒറ്റമാങ്ങയെ വരെ അർജുനനെപ്പോലെ ഭേദിച്ചിരുന്ന ആ ഉന്നക്കാർ ഒരു മാവുകളെയും ഇന്നത്തെപ്പോലെ  അഹങ്കാരത്തോടെ നിലകൊള്ളാൻ അനുവദിച്ചിരുന്നില്ല. ഒരു മാവും ആരുടെയും സ്വന്തമായിരുന്നില്ല. എല്ലാവരുടെയുമായിരുന്നു. പകലറുതിയാകുമ്പോൾ മാവിൻ ചുവടുകൾ കല്ലുകളും കൊഴികളും  മാവിലകളും ചെറു മാങ്കമ്പുകളും കടിച്ചീമ്പിയ മാങ്ങയണ്ടികളും കൊണ്ട് അലംകൃതമാകും.
പാവം മാവുകൾ.
ഓരോ ദിവസവും അവർക്ക് മാങ്ങകൾ നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു.
ഒരു പക്ഷെ,ആ മാവുകളും തങ്ങളുടെ ശിഖര ഭാരം കുറയ്ക്കാൻ, കുട്ടികളെ വിരുന്നൂട്ടാൻ രാവിലെ മുതൽ കാത്തിരുന്നിരിക്കണം.
ആർക്കറിയാം.

ഇതു പോലെ,ഓരോ പറമ്പിലുമുണ്ടായിരുന്ന  മാകന്ദമരങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അന്നത്തെ എല്ലാ ബാല്യകൗമാരങ്ങളുടെയും പകലുകൾ കടന്നു പോയിരുന്നത്.
എന്റെയും ........

ഏറ്റുമാനൂരെന്ന ഗ്രാമത്തിലായിരുന്നു എന്റെ ബാല്യകൗമാരകാലം കഴിച്ചുകൂട്ടിയത്.വലിയൊരു പറമ്പിലെ വാടകവീട്.നിറയെ വൃക്ഷങ്ങൾ.
പത്തോളം മാവുകൾ. കിളിച്ചുണ്ടൻ,മൂവാണ്ടൻ,പഴുത്താലും പുളിരസം കൈവിട്ടു കളയാത്ത പഴങ്ങൾ തന്ന പുളിഞ്ചൻ മാവ്,കർപ്പൂര മാവ്, നിലയട്ടയുടെ മണം പ്രസരിപ്പിച്ചിരുന്ന പഴമുള്ള അട്ടഊച്ചി മാവ്, പിന്നെ വ്യത്യസ്തമായ പഴങ്ങൾ തന്നു കൊണ്ടിരുന്ന കുറെ പേരില്ലാ മാവുകളും.....

പറമ്പിന്റെ ഒത്ത നടുവിലായി നിലകൊണ്ടിരുന്ന ആ പടുകൂറ്റൻ മാവിന്റെ ചുവടായിരുന്നു എല്ലാവരുടെയും സംഗമ സ്ഥലം.രാവിലെ വരുമ്പോൾ എല്ലാ മാവിൻ മരങ്ങളുടെയും ചുവട്ടിലായി രാത്രി വീണ് കിടന്നുറങ്ങുന്ന മാമ്പഴങ്ങൾ ആദ്യം വരുന്നവർ പെറുക്കിക്കൂട്ടും. അതും ,എറിഞ്ഞിടുന്ന പച്ചമാങ്ങകളും, പിന്നെയിടയ്ക്കിടെ മുത്തശ്ശിമാവുകൾ തന്നുകൊണ്ടിരുന്ന മാമ്പഴങ്ങളും ഭക്ഷണമാക്കിയായിരുന്നു വൈകുന്നേരം വരെ നീളുന്ന വിവിധ കളികൾ അരങ്ങേറിയിരുന്നത്.

കൊത്തങ്കല്ലുകളി,കളം വരച്ചു ഒരു പരന്ന കൽക്കഷണം കാൽ കൊണ്ട് തെറിപ്പിച്ചുള്ള കക്കുകളി, ഈർക്കിലിക്കഷണങ്ങൾ വിടർത്തിയെറിഞ്ഞ് അതോരോന്നും അനങ്ങാതെ പെറുക്കിയെടുക്കുന്ന ഈർക്കിലിക്കളി,
ഗോലികളി,സാറ്റ്, കുട്ടിയും കോലും, കുഴിപ്പന്ത്,നാടൻ പന്ത് അങ്ങനെയങ്ങനെ എന്തെല്ലാം കളികൾ.
തീരാത്ത കളി ദിനങ്ങൾ.
"ഒന്ന്,രണ്ട്,മൂന്ന്......... നൂറ് " എന്നെണ്ണി "ഒളിച്ചാലും ഒളിച്ചില്ലേലും സാറ്റ്, സാറ്റു മരത്തിന്റെ ചുവട്ടിൽ ഒളിക്കാൻ പാടില്ല" എന്ന രണ്ട് കണ്ടീഷനുകളും ചൊല്ലി ഒളിച്ചവരെത്തിരഞ്ഞു നടന്ന ആ സാറ്റുകളി മഹോൽസവങ്ങളിൽ സാറ്റു മരമായും ഒളിമരങ്ങളായും നമ്മോടൊപ്പം കളിച്ചുനിന്ന മാവുകൾ.....
മധുരിക്കുന്ന ഓർമ്മകൾ....

വർഷങ്ങൾക്കു ശേഷം ,ആ വഴി പോയപ്പോൾ പഴയ കളിത്തട്ടകത്തിൽ കയറി.
ആ വാടക വീട് പൊളിച്ചു പോയിരിക്കുന്നു. പുരയിടമദ്ധ്യത്തിലെ ആ പഴയ സാറ്റു മരം മാത്രം കൂട്ടുകാരെയെല്ലാം നഷ്ടപ്പെട്ട്,കാലത്തെ അതിജീവിച്ച്‌ ഇന്നും നിലനിൽക്കുന്നു. .....
ആരെയോ കാത്ത്,
ഏകാകിയായി........

സുവർണ്ണ ജൂബിലി

ഇരുപത്തിയഞ്ചു വർഷം......

ഇന്ന് രണ്ടായിരത്തി പതിനേഴ് മാർച്ച് ഇരുപത്തിയെട്ട്. ഞാനൊരു സർക്കാർ ജോലിക്കാരനായിട്ട് ഇന്ന് ഇരുപത്തിയഞ്ചു വർഷം പൂർത്തിയാകുന്നു. രജത ജൂബിലി എന്നും വേണമെങ്കിൽ പറയാം.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിൽ, എൻജിനീയറിംഗ് ഡിപ്ലോമപഠനം പൂർത്തിയാക്കി  കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ  നാനൂറ് രൂപാ മാസശമ്പളത്തിൽ അധ്യാപക ജോലിയുമായി കഴിയുന്ന കാലം.നാനൂറ് രൂപയെന്ന് പറഞ്ഞാൽ ചെറുതല്ല. അന്ന് ഒരു വിൽസ് സിഗരറ്റിന് അൻപത് പൈസയോ മറ്റോ ആണ്.(ഇന്ന് പത്ത് രൂപയാണെന്ന് തോന്നുന്നു).തൊഴിൽ രഹിത ജീവിതത്തിന്റെ അഞ്ചാം വർഷവും കഴിച്ചുകൂട്ടി നാട്ടുകാരുടെയും വീട്ടുകാരുടെയും "ഒന്നുമായില്ലേ" എന്ന അർത്ഥഗർഭമായ ചോദ്യങ്ങൾക്ക് ദിവസവും  നിശ്ശബ്ദമറുപടി കൊടുത്ത് മടുത്ത കാലം.
ഈ ഡിപ്ലോമകൊണ്ടൊന്നും രക്ഷപെടില്ലയെന്ന് തോന്നി സമാന്തര പൊളിറ്റിക്സ് ഡിഗ്രി പഠനവും എന്നോളം തന്നെ പ്രായമുള്ള കുട്ടികളെ(?) പഠിപ്പിച്ചും കോട്ടയം പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങൾ കരണ്ടു തിന്നും ജീവിതം പ്രതീക്ഷാനിർഭരമായി കൊണ്ടു നടന്ന ആ വരണ്ട യൗവ്വനകാലം.

അങ്ങിനെ കഴിയുമ്പോൾ അതാ ഇടിയും മിന്നലും പോലെ ഒരു ദിവസം പിഎസ്സിയുടെ അഡ്വൈസ് മെമ്മോയും രണ്ടുനാൾ കഴിഞ്ഞപ്പോൾ നിയമനയുത്തരവും എത്തുന്നു. പ്യൂൺ, വാച്ചർ, ഡ്രൈവർ, കണ്ടക്ടർ, ക്ലർക്ക് തുടങ്ങി വലിപ്പച്ചെറുപ്പമില്ലാതെ പോലീസൊഴിച്ച് കണ്ടതിനെല്ലാം അപേക്ഷ അയച്ചതിന്റെ സദ്ഫലം.പൊതു വിദ്യാഭ്യാസ വകുപ്പിൽ എൽ.ഡി ക്ലാർക്ക്.അങ്ങിനെയങ്ങിനെ അവസാനം എന്റെ മുല്ലയും പൂത്തു.

ഓർഡർ കിട്ടി. അപ്പോൾ വൈകുന്നേരം നാലുമണി. ജോയിൻ ചെയ്യേണ്ട അവസാന തീയതി പിറ്റേന്ന് അതായത്   1992 മാർച്ച് 28 ന് .കാസർകോട് ജില്ലയിലുള്ള ഒരു ഗവൺമെന്റ് ഹൈസ്കൂളിലാണ് ചെല്ലേണ്ടത്.ഗവൺമെന്റ് ഹൈസ്കൂൾ ബേളൂർ - തായന്നൂർ.
ആലോചിക്കാനോ ബാഗൊരുക്കാനോ ഒന്നും സമയമില്ല.
ആരോടും വിട പറയാൻ പോലും ഇട കിട്ടാതെ ഞാനോടി.മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കണം.
രാത്രി വണ്ടിയ്ക്ക് കേറണം.

എന്തായാലും ഒമ്പതരയുടെ മലബാർ എക്സ്പ്രസ്സിൽ ഒരു വിധം കയറിപ്പറ്റി.
ട്രെയിനിൽ സീറ്റുകിട്ടാതെ നിൽക്കുമ്പോഴെല്ലാം എന്റെ ഒരേയൊരു ചിന്ത ബേളൂർ വര തായന്നൂർ എന്ന സ്ഥലത്തുള്ള ഈ സ്കൂളിൽ ഞാനെങ്ങിനെ രാവിലെ പത്ത് മണിക്കെത്തിച്ചേരും എന്നതു മാത്രമായിരുന്നു.
മൊബൈലില്ല,
വാട്ട് സാപ്പില്ല.
ഗൂഗിൾ മാപ്പില്ല.
ഗൂഗിൾ എർത്തില്ല.
ജി പി എസില്ല.
ഇവയൊന്നുമില്ലാത്ത അന്നത്തെയാ അപരിഷ്കൃത കാലം. ആകപ്പാടെ അറിയാവുന്നത്  കാസർകോട് ഉദുമയിലുള്ള അകന്നൊരു ബന്ധുവായ ശ്രീകുമാർ എന്ന മാഷിനെയാണ്. കോട്ടിക്കുളം സ്റ്റേഷനിൽ ട്രെയിനിറങ്ങിയപ്പോൾ മണി ഒൻപത്.
ഇനി ഒരു മണിക്കൂർ.
മാഷ് ഓർഡർ നോക്കി പ്രവചിച്ചു.

"ഇത് കിഴക്കെവിടെയോ ആണ്. നമുക്ക് കാഞ്ഞങ്ങാട് ചെന്നന്വേഷിക്കാം"
പക്ഷെ കാഞ്ഞങ്ങാട് സ്റ്റാൻഡിലെത്തിയപ്പോൾ ഡ്രൈവർമാർ പറഞ്ഞു.

"ബേളൂരറിയാം.
തായന്നൂരറിയാം.
പക്ഷെ ഇതേതപ്പാ സ്ഥലം "
നടുവിൽ വരക്കുറിയിട്ട  ഇങ്ങനെയൊരു സ്ഥലത്തേപ്പറ്റി അവർക്കാർക്കുമറിയില്ല പോലും.
അപ്പോളാണ്  ബീഡി വലിച്ചു നിന്ന ഒരു ഡ്രൈവർ പറഞ്ഞത്.
"തായന്നൂർ എന്നൊരു സ്ഥലമുണ്ട്, പക്ഷേ അവിടേയ്ക്കൊള്ള ബസ് മുത്തപ്പനും പോയി, ശാസ്തായും പോയി. ഇനി വൈകുന്നേരം മൂന്നരയ്ക്കേയുള്ളൂ.ഹരിശ്രീ."

ഞാൻ മനസ്സിൽ പറഞ്ഞത് അറിയാതെ പുറത്തുവന്നുപോയി.
"അപ്പോൾ എന്റെ പണിയോ, പത്ത് മണിക്ക് ചെല്ലേണ്ടതാണ്"
ഡ്രൈവർ ആശ്വസിപ്പിച്ചു.
"കാലിച്ചാനടുക്കം വഴി ബസ്സുണ്ട്, അവിടുന്ന് ജീപ്പു കിട്ടും, അല്ലെങ്കിൽ നടന്നാൽ മതി"
ഈ കാലിച്ചാനടുക്കം തായന്നൂരിൽ നിന്നും ആറേഴു കിലോമീറ്ററകലെയുള്ള ഒരു മുക്കവലയാണ്.
അങ്ങനെ ആ ബസ്സിൽ കയറി അടുക്കത്തിറങ്ങി ഒരു ജീപ്പിൽ കയറി തായന്നൂർ ടൗണിലെത്തിയപ്പോൾ  എവിടെയോ എത്തിയപ്പോൾ കൊളംബസിന് തോന്നിയ ആത്മനിർവൃതിയാണ് ഞാനനുഭവിച്ചത്.
വളരെ സന്തോഷമായി.

വഴിയിൽ കണ്ട പോസ്റ്റുമാൻ ശ്രീ.കണ്ണൻ അവിടെ നിന്നും ഞങ്ങളെ ലക്ഷ്യത്തിലേക്ക് നയിച്ചു.
എന്നെ എതിരേറ്റ ആദ്യ വ്യക്തി...

ഈ കാലിച്ചാനടുക്കം എന്ന സ്ഥലത്തുനിന്നും ജീപ്പിൽ പോന്ന വഴിയിലെല്ലാം ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ടായിരുന്നു. ഒരിടത്തും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും കാണുന്നില്ല.
"എന്താ ഇതിന്റെ രഹസ്യം, പിന്നെങ്ങിനെ കറണ്ടു കൊണ്ടു പോകും. അണ്ടർ ഗ്രൗണ്ട് കേബിളാണോ".
പോസ്റ്റുമാനദ്ദേഹം എന്റെ ഹൃദയം തകർത്ത ആ യാഥാർത്ഥ്യം ഉടൻ വെളിപ്പെടുത്തിത്തന്നു.

"കൊണ്ടു പോകാനിവിടെ കറണ്ടില്ല. ഇവിടെ മാത്രമല്ല, അടുത്തൊരിടത്തുമില്ല"
അരവിന്ദന്റെ "ഒരിടത്ത് " എന്ന സിനിമയിലെ പോലത്തെ ഒരു വൈദ്യുതി രഹിത നാട്ടിലാണെത്തിയതെന്നത്  അറിഞ്ഞപ്പോൾ ഇന്നത്തെ ഫ്രീക്കൻമാർ പറയും പോലെ അന്നേ പകച്ചുപോയി എന്റെ യൗവ്വനം.

തീവണ്ടിയിറങ്ങിയ കുടിയേറ്റ
ബംഗാളിയെപ്പോലെ ഞാൻ ചുറ്റും അമ്പരപ്പോടെ നോക്കി.
ഖസാക്കിനെ ഓർമ്മിപ്പിക്കുന്ന വരണ്ട ഭൂപ്രകൃതി.
ഇല്ലിക്കൂട്ടങ്ങൾ,
കശുമാവിൻ കാടുകൾ.
ഒരു ചെമ്മൺ മൈതാനം,
വേരു പൊന്തിയ മഴമരങ്ങൾ.
നീണ്ട ഒരു ഇരുനില സ്കൂൾ കെട്ടിടം.
സ്കൂൾ മുറ്റത്തെ കിണറിനരികിൽ ഒരു പെൺകുട്ടി കോരിയ വെള്ളം കുടത്തിലേക്കൊഴിച്ചു കൊണ്ടിരിക്കുന്നു. കാലനക്കം കേട്ട് അവൾ തിരിഞ്ഞു നോക്കി.
ഗൗനിക്കാതെ വീണ്ടും തൊട്ടി കിണറ്റിലേക്കിട്ടു.

ഓഫീസ് റൂമിൽ
ഹെഡ്മാസ്റ്ററില്ല,
ആരുമില്ല. സ്കൂളിൽ പരീക്ഷക്കാലം കഴിഞ്ഞ് മധ്യവേനലവധിക്കാലത്തിന്റെ ആരംഭമായിരിക്കുന്നു.
അടുത്ത റൂമിൽ രണ്ടു മൂന്നു പേരിരുന്നു ഉത്തരപേപ്പർ തിടുക്കപ്പെട്ട് നോക്കുന്നുണ്ട്.
ചാർജുള്ള ടീച്ചറെ വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞ് ഒരാൾ പോയി. തൊട്ടടുത്ത വീട്ടിൽ എന്തോ അടുക്കള ജോലിയിലായിരുന്ന ഫസ്റ്റ് അസിസ്റ്റന്റ് ജാനമ്മ ടീച്ചർ നൈറ്റിയിൽ കൈ തുടച്ചു വന്ന് എന്നെ സ്വാഗതം ചെയ്തു.അങ്ങനെ ഏകദേശം പന്ത്രണ്ടരമണിയോടെ 1992 മാർച്ച് 28 എഫ്.എൻ വെച്ച് രജിസ്റ്ററിൽ ഒപ്പിട്ടു ഒരു അധോമണ്ഡല ഗുമസ്തനായി ഞാൻ സർക്കാർ ജീവനത്തിൽ പ്രവേശിച്ചു.

ഒരു ചെറിയ ഇടവേളയൊഴിച്ചാൽ രണ്ടു കൊല്ലം തായന്നൂരെന്ന ഗ്രാമത്തിൽ ജോലി ചെയ്തു. ഞാനിന്നും ദിവസത്തിലൊരിക്കലെങ്കിലും ഓർമ്മകൾ കൊണ്ട് ഓടിയെത്താറുള്ള, അപരിഷ്കൃതമെന്ന് ഞാനാദ്യം എഴുതിത്തള്ളിയ ആ മനോഹര ഭൂമിയും ആൾക്കാരും പിന്നീട് എനിക്കത്രമേൽ പ്രിയപ്പെട്ടതായി.ഗൃഹാതുരത ഒരിക്കലും വേട്ടയാടാതിരുന്ന രസകരമായ ഒരു ജീവിതകാലം. സ്കൂൾ, കുട്ടികൾ, അധ്യാപകർ,പിന്നെ നല്ലവരായ നാട്ടുകാരും. കുറെക്കാലം കഴിഞ്ഞു.
പിന്നെ ജോലികളുടെ ഒരു പെരുമഴയായിരുന്നു. ഒടുവിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അധ്യാപക ജോലി സ്വീകരിച്ചു കൊണ്ട് രണ്ടു വർഷത്തിനു ശേഷം ഞാനെന്റെ ആദ്യ ജോലിയോട് വിട പറഞ്ഞു. ഇന്ന് ഇരുപത്തഞ്ചു വർഷം പൂർത്തിയാകുകയാണ്.ഈ യാത്രയിൽ ഇത്രയും കാലം എന്നോടൊപ്പമുണ്ടായിരുന്ന എല്ലാവരോടും പറയുന്നു.
നന്ദി......

അതൊക്കെയൊരു കാലം.

പഴയകാല പ്രണയം

വാലന്റൈൻസ് ഡേ ഇല്ലാതിരുന്ന കാലത്തും പ്രണയമുണ്ടായിരുന്നു.
ആ കാലത്ത് പ്രണയത്തിൽ പെടുന്നവർ പോലുമറിയാതെ  അവർ തമ്മിൽ അത് സംഭവിക്കുകയായിരുന്നു.
പ്രണയം അങ്കുരിക്കുന്ന വിലോല നിമിഷങ്ങളെക്കുറിച്ച്   കവി ഇടപ്പള്ളി രാഘവൻപിള്ള  എഴുതിയ  കവിത  നോക്കൂ..... പൂവിറുക്കാൻ പോയതാണ് പെൺകുട്ടി. പ്രണയം താനേ മുളപൊട്ടുന്നത് ആരാധകന്റെ വാക്കുകളിലൂടെ കവി...

പാടത്ത് നെന്മണി കൊത്തിപ്പറക്കുന്ന മാടപ്പിറാക്കളെ നോക്കി നോക്കി
മാനഞ്ചുംകണ്ണിയാളാനന്ദ സ്തബ്ധയായ് മാനവും നോക്കിനിന്നീടും നേരം ഞാനരികത്തണഞ്ഞഞ്ചാറു പൂവവൾ കാണാതെ
മന്ദമപഹരിച്ചാൾ,
"ആട്ടെ" യെന്നൊരു വാക്കിൽ പരിഭവമാക്കിയവൾ നിൽക്കും മൗനമായി
എങ്കിലുമന്നു ഞാനോർത്തതില്ലോമലാളെൻ കരൾത്താരു കവർന്ന കാര്യം.....
പഴയകാല പ്രണയം

വാലന്റൈൻസ് ഡേ ഇല്ലാതിരുന്ന കാലത്തും പ്രണയമുണ്ടായിരുന്നു.
ആ കാലത്ത് പ്രണയത്തിൽ പെടുന്നവർ പോലുമറിയാതെ  അവർ തമ്മിൽ അത് സംഭവിക്കുകയായിരുന്നു.
പ്രണയം അങ്കുരിക്കുന്ന വിലോല നിമിഷങ്ങളെക്കുറിച്ച്   കവി ഇടപ്പള്ളി രാഘവൻപിള്ള  എഴുതിയ  കവിത  നോക്കൂ..... പൂവിറുക്കാൻ പോയതാണ് പെൺകുട്ടി. പ്രണയം താനേ മുളപൊട്ടുന്നത് ആരാധകന്റെ വാക്കുകളിലൂടെ കവി...

പാടത്ത് നെന്മണി കൊത്തിപ്പറക്കുന്ന മാടപ്പിറാക്കളെ നോക്കി നോക്കി
മാനഞ്ചുംകണ്ണിയാളാനന്ദ സ്തബ്ധയായ് മാനവും നോക്കിനിന്നീടും നേരം ഞാനരികത്തണഞ്ഞഞ്ചാറു പൂവവൾ കാണാതെ
മന്ദമപഹരിച്ചാൾ,
"ആട്ടെ" യെന്നൊരു വാക്കിൽ പരിഭവമാക്കിയവൾ നിൽക്കും മൗനമായി
എങ്കിലുമന്നു ഞാനോർത്തതില്ലോമലാളെൻ കരൾത്താരു കവർന്ന കാര്യം.....

അതൊക്കെയൊരു കാലം.......

കഥാരചനാ സാഹസങ്ങൾ

ഇങ്ങനെയൊരു കഥാരചനാ സാഹസം കുട്ടിക്കാലത്ത് കാണിക്കാത്തവരാരുണ്ട്
..,.....................................
അർദ്ധരാത്രിയിലെ കൊലപാതകം

അർദ്ധരാത്രി 3 മണി. വിശാലമായ ഒരു കൊച്ചുമുറി.മുറിയുടെ ഒത്ത നടുക്കായി ചെറുതെങ്കിലും വലിയൊരു മേശ ഒരരികു ചേർന്നു കിടക്കുന്നു.
ശബ്ദായമാനമായ നിശബ്ദത.
ക്രൂരമായ ചേഷ്ടകളോടെ,മാൻപേടയെ പോലൊരു മനുഷ്യൻ ശാന്തനായി അക്രമാസക്തതയോടെ ആ മുറിയിൽ കനത്ത പാദപതനങ്ങളോടെ മെല്ലെ നടന്നുകൊണ്ടിരുന്നു.

കുറ്റാക്കുറ്റിരുട്ട്...
മന്ദമാരുതൻ ആഞ്ഞുവീശി......
പുറത്ത് അശ്വാരൂഡനായി ഒരാൾ കാറിൽ വന്നിറങ്ങി...ക്ഷീണിച്ച്,കണ്ണുകൾ കുഴിഞ്ഞ് ,എല്ലുന്തിയ ആരോഗ്യ ദൃഢഗാത്രനായ ആ മനുഷ്യൻ മെല്ലെ വേച്ചു വേച്ച് അതിവേഗത്തിൽ മുന്നോട്ട് നടന്നു .....
അയാളുടെ കൈയിൽ ഒരു തോക്കുണ്ടായിരുന്നു.
ഒരു വെടി ശബ്ദം മൂന്നു തവണ മുഴങ്ങി...
നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഒരു നിലവിളി ശബ്ദം ഉയർന്നു.
മുറിയിൽ രക്തം തളം കെട്ടി കതക് പാളികൾക്കടിയിലൂടെ പുറത്തേക്കൊഴുകി...
പച്ച രക്തത്തിന്റെ മടുപ്പിക്കുന്ന സുഗന്ധം ചുറ്റും പരന്നു...............................

റൗണ്ട് എബൗട്ടുകൾ

റൗണ്ട് എബൗട്ടുകൾ

ഡ്രൈവിംഗ് ആയാസരഹിതമാക്കുവാനായി ആസൂത്രണം ചെയ്ത് നിർമ്മിച്ചവയാണ് റൗണ്ട് എബൗട്ടുകൾ.അവിടെ ക്രമമില്ലാതെ പെരുമാറുന്നതുവഴി ഗതാഗതം കൂടുതൽ സങ്കീർണ്ണമാക്കുകയാണ് നാം ചെയ്തു വരുന്നത്. ജംഗ്ഷനുകളിലാകട്ടെ, വേഗത കുറയ്ക്കാതെ അല്ലെങ്കിൽ വേഗത വർദ്ധിപ്പിച്ച് മറ്റ് വാഹനങ്ങളെയും യാത്രക്കാരെയും ഒട്ടും പരിഗണിക്കാതെ ഓടിച്ചു പോകുന്നു.

റൗണ്ട്എബൗട്ടുകളിലും റോഡ് ഇന്റർസെക്ഷൻ, ജംഗ്ഷൻ,പെഡസ്ട്രിയൻ ക്രോസിംഗ്,റോഡ് കോർണറുകൾ എന്നിവിടങ്ങളിലും നിയമാനുസരണം പെരുമാറേണ്ടതെങ്ങിനെയെന്നാണ് ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 9 ലും 10 ലും പ്രതിപാദിക്കുന്നത്.
..........................................................
ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 9.

ഒരു ഇന്റർസെക്ഷനിൽ ഡ്രൈവർ എടുക്കേണ്ട മുൻകരുതലുകൾ.....

1.ഒരു റോഡ് ഇന്റർസെക്ഷൻ, ജംഗ്ഷൻ,പെഡസ്ട്രിയൻ ക്രോസിംഗ്,റോഡ് കോർണറുകൾ എന്നിവയെ സമീപിക്കുമ്പോൾ ഡ്രൈവർ  തന്റെ വാഹനത്തിന്റെ വേഗത നിർബന്ധമായും കുറയ്ക്കേണ്ടതാണ്.
കൂടാതെ അവിടേയ്ക്ക് പ്രവേശിക്കുന്നതുമൂലം ഇന്റർസെക്ഷനിലോ ജംഗ്ഷനിലോ പെഡസ്ട്രിയൻ ക്രോസിംഗിലോ റോഡ് കോർണറിലോ നിലവിൽ ഉള്ളതും അവിടേയ്ക്ക് പ്രവേശിക്കുന്നതുമായ മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടമുണ്ടാകാൻ ഇടയുള്ള പക്ഷം അങ്ങോട്ടേയ്ക്ക്  പ്രവേശിക്കുവാൻ പാടുള്ളതല്ല.

2.ഇന്റർസെക്ഷനുകളിലും ജംഗ്ഷനുകളിലും വലതു വശത്തു നിന്നും വരുന്ന വാഹനങ്ങൾക്കായിരിക്കും മുൻഗണന.

(ഈ നിയമം  താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ബാധകമല്ലാത്തതാകുന്നു..

(a) ട്രാഫിക് ഉദ്യോഗസ്ഥനാലോ, ട്രാഫിക് ലൈറ്റു കൊണ്ടോ, ട്രാഫിക് അടയാളം കൊണ്ടോ നിയന്ത്രിക്കപ്പെടുന്ന ഇന്റർസെക്ഷനുകളിലും ജംഗ്ഷനുകളിലും.

(b) വാഹനം ഒരു അപ്രധാന റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ )

3. ഒരു ഇന്റർസെക്ഷനിൽ ഗതാഗതം നിശ്ചലമായിരിക്കുന്ന അവസ്ഥയിൽ, അതൊരു മെയിൻ റോഡാണെന്നിരുന്നാലും, അല്ലെങ്കിൽ അവിടേയ്ക്ക് പ്രവേശിക്കുവാനുള്ള അനുകൂല സിഗ്നൽ ഉണ്ടെന്നിരുന്നാലും ആ ഇന്റർസെക്ഷനിലേക്ക് അപ്പോൾ പ്രവേശിക്കുവാൻ പാടുള്ളതല്ല.

..........................................................
ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 10.

റൗണ്ട് എബൗട്ടുകളിൽ ഡ്രൈവർ എടുക്കേണ്ട മുൻകരുതലുകൾ.....

1.റൗണ്ട് എബൗട്ടുകളിലേക്ക് പ്രവേശിക്കുമ്പോൾ, നിലവിൽ അവിടെയുള്ള വാഹനങ്ങൾക്കായിരിക്കും മുൻഗണനയും വഴിക്കുള്ള അവകാശവും.

2.റൗണ്ട് എബൗട്ടുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അവയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള ലെയിൻ തന്നെ തിരഞ്ഞെടുക്കേണ്ടതാണ്.

3.റൗണ്ട് എബൗട്ടിനുള്ളിൽ വെച്ച് ലെയിൻ മാറുന്നുണ്ടെങ്കിൽ ഡ്രൈവർ  ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കേണ്ടതാണ്.

4.റൗണ്ട് എബൗട്ടിൽനിന്നും പുറത്തിറങ്ങുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഇടത്തോട്ട് തിരിയുമ്പോൾ നിയമാനുസരണം പിന്തുടരേണ്ട രീതി പാലിക്കേണ്ടതാണ്.

ഡ്രൈവിംഗ് നിയന്ത്രണങ്ങൾ, ഭാഗം - 5

തിരിയലുകൾ......

ഡ്രൈവിംഗിൽ ഓവർ ടേക്കിംഗ് കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധാപൂർവ്വവും കൃത്യതയോടെയും ചെയ്യേണ്ട പ്രവൃത്തിയാണ് തിരിയൽ (Turning). അതെങ്ങനെ നിയമപരമായും സുരക്ഷിതമായും ചെയ്യാം.....ഡ്രൈവിംഗ് റഗുലേഷൻ തുടരുന്നു.......

8.
Left, Right and U-Turns

ഡ്രൈവർ ഒരു തിരിവ് എടുക്കുന്നതിന് മുൻകൂട്ടി തന്നെ തയ്യാറെടുക്കേണ്ടതാണ്. പിന്നീട് താഴെപ്പറയുന്ന വിധത്തിൽ തിരിയൽ സൂചിപ്പിക്കുന്ന സിഗ്നൽ നൽകി റോഡിന്റെ അനുയോജ്യമായ ലെയിനിലേക്ക് മാറേണ്ടതുമാണ്.

1. ഇടത്തേക്ക് തിരിയുമ്പോൾ......

എ) ഇടതു വശത്തേക്ക് തിരിയുന്ന ഡ്രൈവർ, അതിന് വളരെ മുൻപായി തിരിയുന്ന വിവരം ഇലക്ട്രിക്കൽ  ഇൻഡിക്കേറ്റർ ഉപയോഗിച്ചോ ഉചിതമായ ഹാൻഡ് സിഗ്നൽ കാണിച്ചോ സൂചിപ്പിക്കേണ്ടതാണ്.

ബി) ഇടത്തേക്ക് തിരിയുന്നതിനു കുറെ മുൻപായി ഡ്രൈവർ , റോഡിന്റെ ഏറ്റവും ഇടത്തേ ലെയിനിലേക്കോ തിരിയുന്നതിനായി  പ്രത്യേകം വരച്ചിരിക്കുന്ന  ലെയിനിലേക്കോ മാറേണ്ടതാണ്.

സി) കുറെ ലെയിനുകളുള്ള റോഡിലൂടെ വാഹനമോടിക്കുമ്പോൾ, അമ്പടയാളത്തിൽ ദിശാ സൂചന ഇടത്തോട്ട് വരച്ചിട്ടുണ്ടെങ്കിൽ ഡ്രൈവർ  വാഹനം ആ ലെയിനിലൂടെ തന്നെ ഇടത്തേക്ക് തിരിയ്ക്കേണ്ടതാണ്.

ഡി) ഇടത്തേ ലെയിനിലേക്ക് മാറുന്നതിന് മുൻപായി, ഡ്രൈവർ തന്റെ വാഹനത്തിന്റെ ഇടതുവശത്തെയും പിന്നിലെയും ട്രാഫിക് ശ്രദ്ധിക്കേണ്ടതും ഇടത്തോട്ട് തിരിയുവാനുള്ള സിഗ്നൽ നൽകിയതിനുശേഷം മാത്രം ഇടത്തെ ലെയിനിലേക്ക് മാറേണ്ടതുമാണ്.

ഇ) ഇടത്തേയ്ക്ക് തിരിയുന്നതിന് മുൻപായി സൈക്കിൾ യാത്രക്കാർക്കും മറ്റ് കുറഞ്ഞ വേഗതയിൽ പോകുന്ന വാഹനങ്ങൾക്കും  വഴി നൽകേണ്ടതാണ്.

എഫ്) ഇടത്തേയ്ക്ക് തിരിയുന്നതിന് മുൻപായി, അവിടെയുള്ള നിയന്ത്രണമില്ലാത്ത   പെഡസ്ട്രിയൻ ക്രോസിംഗിലൂടെ വഴി മുറിച്ചു കടക്കുന്ന കാൽനട യാത്രക്കാർക്ക്  അതിനുള്ള അവസരം നൽകേണ്ടതാണ്.

ജി) ഉയർന്ന turning radius മൂലം ഏറ്റവും ഇടത്തെ ലെയിനിൽ നിന്നും ഇടത്തോട്ട് തിരിയുന്നത് സാധ്യമല്ലാത്ത വാഹനങ്ങളുടെ ഡ്രൈവർമാർക്ക്,റിയർവ്യൂ മിററിലൂടെ ഇടതു വശത്തെ ട്രാഫിക് നിരീക്ഷിച്ചു കൊണ്ടും, അതീവശ്രദ്ധയും കരുതലും ചെലുത്തിക്കൊണ്ടും തൊട്ടടുത്ത വലത്തെ ലെയിൻ ഉപയോഗിച്ചു കൊണ്ട് വാഹനം ഇടത്തോട്ട് തിരിയ്ക്കാവുന്നതാണ്.

2. വലത്തോട്ട് തിരിയുമ്പോൾ ...................

എ) വലതു വശത്തേക്ക് തിരിയുന്ന ഡ്രൈവർ, അതിന് വളരെ മുൻപായി തിരിയുന്ന വിവരം ഇലക്ട്രിക്കൽ  ഇൻഡിക്കേറ്റർ ഉപയോഗിച്ചോ ഉചിതമായ ഹാൻഡ് സിഗ്നൽ കാണിച്ചോ സൂചിപ്പിക്കേണ്ടതാണ്.

ബി) വലത്തേക്ക് തിരിയുന്നതിനു കുറെ മുൻപായി ഡ്രൈവർ വാഹനം റോഡിന്റെ ഏറ്റവും വലത്തേ ലെയിനിലേക്ക് മാറ്റേണ്ടതാണ്.

സി) കുറെ ലെയിനുകളുള്ള റോഡിലൂടെ വാഹനമോടിക്കുമ്പോൾ, അമ്പടയാളത്തിൽ ദിശാ സൂചന വലത്തോട്ട് വരച്ചിട്ടുണ്ടെങ്കിൽ ഡ്രൈവർ  വാഹനം ആ ലെയിനിലൂടെ തന്നെ വലത്തോട്ട് തിരിയ്ക്കേണ്ടതാണ്.

ഡി.) വലത്തേ ലെയിനിലേക്ക് മാറുന്നതിന് മുൻപായി, ഡ്രൈവർ തന്റെ വാഹനത്തിന്റെ വലതുവശത്തെയും പിന്നിലെയും ട്രാഫിക് ശ്രദ്ധിക്കേണ്ടതും വലത്തോട്ട് തിരിയുവാനുള്ള സിഗ്നൽ നൽകിയതിനു ശേഷം മാത്രം വലത്തെ ലെയിനിലേക്ക് മാറേണ്ടതുമാണ്.

ഇ.) വലത്തോട്ട് തിരിയുന്നതിന് മുൻപായി, അവിടെയുള്ള നിയന്ത്രണമില്ലാത്ത   പെഡസ്ട്രിയൻ ക്രോസിംഗിലൂടെ വഴി മുറിച്ചു കടക്കുന്ന കാൽനടയാത്രക്കാർക്ക്  അതിനുള്ള അവസരം നൽകേണ്ടതാണ്.

3.യു - ടേൺ എടുക്കുമ്പോൾ ..........

എ) താഴെപ്പറയുന്നയിടങ്ങളിൽ യു - ടേൺ എടുക്കുവാൻ പാടുള്ളതല്ല.

(i) റോഡ്  സൈൻ വഴിയോ ട്രാഫിക് സിഗ്നൽ വഴിയോ യു - ടേൺ നിരോധിച്ചയിടങ്ങളിൽ

(ii) തുടർച്ചയായി വാഹനങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്ന തിരക്കേറിയ റോഡുകളിൽ

(iii) പ്രധാന റോഡുകളിലും, ഹൈവേകളിലും, എക്സ്പ്രസ്സ് വേകളിലും

(iv) റോഡിൽ വരച്ചിട്ടുള്ള തുടർച്ചയായ ഒറ്റ അല്ലെങ്കിൽ ഇരട്ട വരകൾക്ക് മുകളിലൂടെ

ബി) പിൻ കണ്ണാടികളിലൂടെ കാണാൻ കഴിയാത്ത ഏതെങ്കിലും  blindspot കൾ വാഹനത്തിന് ചുറ്റുമുണ്ടെങ്കിൽ യു -ടേൺ എടുക്കുവാൻ പാടുള്ളതല്ല. എതിരേയുള്ള ട്രാഫിക്കും  സൈഡ് മിററിലൂടെയും റിയർവ്യൂ മിററിലൂടെയും വശങ്ങളിലും പിന്നിലുമുള്ള ട്രാഫിക്കും ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചതിനു ശേഷം സുരക്ഷിതമെന്ന് ഉറപ്പായാൽ മാത്രമേ യൂ -ടേൺ എടുക്കുന്നത് തുടങ്ങാൻ പാടുള്ളൂ.

സി) കാൽനടയാത്രക്കാർ, സൈക്കിൾ യാത്രികർ ഉൾപ്പെടെയുള്ള എല്ലാ വഴിയാത്രക്കാർക്കും കടന്നുപോകുവാനുള്ള അവസരം  നൽകിയതിനു ശേഷം മാത്രമേ ഡ്രൈവർ യു - ടേണിന്റെ ഭാഗമായി വലത്തോട്ട് തിരിയാൻ പാടുള്ളൂ.

ഡി) യു -ടേൺ എടുക്കുമ്പോൾ ഡ്രൈവർ ചുറ്റുമുള്ള ട്രാഫിക്ക്  വ്യക്തമായി നിരീക്ഷിക്കേണ്ടതും മറ്റ് റോഡ് ഉപഭോക്താക്കൾക്ക് യാതൊരുവിധ അസൗകര്യവും സൃഷ്ടിക്കാതിരിക്കേണ്ടതും അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുമാണ്.

ഇ) അനുവദിച്ചയിടങ്ങളിൽ വലിയ വാഹനങ്ങൾക്ക് ഏറ്റവും ഇടത്തെ ലെയിനിൽ നിന്നും യു-ടേൺ എടുക്കാവുന്നതാണ്.

( അടുത്തത്........ Intersections and Roundabouts)