പിള്ളേരുടെ സമരവും ഞാനും.....
ഈ പറഞ്ഞ അടിയന്തരാവസ്ഥക്കാലത്ത് ഞാൻ സമരങ്ങൾക്കും പത്താം ക്ലാസിലെ തോൽവിയ്ക്കും പേരുകേട്ട ഏറ്റുമാനൂരിലെ ഒരു സർക്കാർ സ്കൂളിൽ പഠിക്കുകയായിരുന്നു. എനിക്കാണെങ്കിൽ സമരങ്ങൾ ഒരു പാട് ഇഷ്ടമായിരുന്നു അക്കാലത്ത്.ഒന്നാമത്തെകാരണം പഠിക്കണ്ട. പിന്നെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഗേൾസ് സ്കൂളിലേക്ക് സമരവുമായി പോകാം. പക്ഷെ,അച്ഛൻ സ്കൂളിൽ തന്നെയുള്ളതുകൊണ്ട് സമരത്തിന്റെ മുൻപിലും നിൽക്കാൻ പറ്റില്ല പിന്നിലും നിൽക്കാൻ പറ്റില്ല.ചുറ്റിപ്പറ്റി നിൽക്കാം.
കുറച്ചു നേരം സ്കൂൾ ഗ്രൗണ്ടിൽ കളിക്കാം. പിന്നെ വീട്ടിൽ പോകാം.പക്ഷെ അടിയന്തരാവസ്ഥക്കാലം വന്നപ്പോൾ സമരങ്ങൾ സ്വിച്ചിട്ട പോലെ നിന്നു. വെറും പഠിത്തം മാത്രം. സാറൻമാരൊക്കെ കൃത്യസമയത്തും വരാൻ തുടങ്ങി.
കഷ്ടകാലം...
പക്ഷെ, ശിശിരം വന്നാൽ വസന്തം അകലെയാവില്ലയെന്ന് പണ്ട് കീറ്റ്സോ ഷെല്ലിയോ പറഞ്ഞതുപോലെ തന്നെ ഉടനെ വസന്തം വന്നു.
പ്രീഡിഗ്രിക്കാലവും പോളിടെക്നിക്ക്കാലവും സമരങ്ങളുടെ പുഷ്ക്കല കാലമായിരുന്നു. പോളിടെക്നിക് കാലത്ത്, രാവിലെ ഹോസ്റ്റലിൽ മനോരമയും മാതൃഭൂമിയും അരിച്ചു പെറുക്കി ആരെങ്കിലും ആഹ്വാനം ചെയ്തിട്ടുണ്ടോ എന്നു നോക്കി, ഇല്ലെങ്കിലും നിരാശപ്പെടാതെ സ്വന്തമായി ഒരു കാരണമുണ്ടാക്കി പോളിയിലേക്ക് മാർച്ച് ചെയ്തു പോയതൊക്കെയോർക്കുന്നു.
രാഷ്ട്രീയ ഭേദമില്ലാതെ അണിനിരന്ന് ക്ലാസില്ലാതാക്കുക എന്ന പൊതു ലക്ഷ്യം നേടിയെടുക്കുവാൻ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. എസ്റ്റിമേറ്റിംഗ് കോസ്റ്റിംഗിന്റെ ക്ലാസ് പരീക്ഷയിൽ നിന്നും രക്ഷപെടാൻ നാലു ദിവസം ശൂന്യതയിൽ നിന്നും കാരണങ്ങളുണ്ടാക്കി സമരം ചെയ്തപ്പോൾ സഹികെട്ട് പരീക്ഷ തന്നെ വേണ്ടെന്നുവെച്ച രാജൻ സാറിനെയും സ്റ്റാഫ് റൂമിന്റെ മുന്നിൽ നിന്ന് പ്രകടനത്തെ നിർന്നിമേഷനായി നോക്കി നിന്ന് " ആ വിളിച്ചോ വിളിച്ചോ, ഒന്നിനും പഠിക്കണമെന്നില്ലല്ലേ" എന്ന് ചൊല്ലിയ പോൾ സാറിനെയും ബെല്ലടിച്ചാലുടൻ തന്റെ അംബാസിഡറും സ്റ്റാർട്ടാക്കി പോയിരുന്ന ബാലകൃഷ്ണൻ സാറിനെയും സ്മരിക്കുന്നു.
പിന്നെ പ്രൈവറ്റ് പോളിടെക്നിക്കിനെതിരേ നടത്തിയ കടുകട്ടി സമരം. കോണിപ്പടിയുടെ കീഴിലെ നിരാഹാര സമരം, കാഞ്ഞങ്ങാട് ടൗണിൽ നടത്തിയ ഹൈവേ പിക്കറ്റിംഗ്,ഹക്കീം ബത്തേരിയും മറ്റു പേരു മറന്നു പോയ പോലീസ് സാറൻമാരും മറ്റും മറ്റും......
ഈ സമരങ്ങൾ കൊണ്ടൊക്കെ നാമെന്തു നേടി. ചോരത്തിളപ്പിന്റെ താപനില ഒരുപാടുയർന്നു പോകാതെ നിയന്ത്രിച്ചു നിർത്താനായി. പിന്നെ നല്ല രസമുണ്ടായിരുന്നു. ആളുകളുടെയൊക്കെ മുൻപിൽ ഞാനും എന്തൊക്കെയോ യൊക്കെയാണ് എന്ന് തോന്നിപ്പിക്കാനായി. ചുരുക്കിപ്പറഞ്ഞാൽ ഒരു റിലാക്സിയേഷൻ കിട്ടി.
അത്രമാത്രം.....
*വാൽക്കഷ്ണം....*
പാലായിലെ പാതിരിമാർക്കും സമസ്ത കേരളനായൻമാർക്കും കോഴിക്കോട്ടെ കോയമാർക്കും മാത്രമല്ല കള്ളു കച്ചവടക്കാരും ചിട്ടിക്കമ്പനിക്കാരും ഭക്തി ബിസിനസ്സുകാരും ഇന്ന് പോളിയും മെഡിസിറ്റിയും എൻജി.കോളേജും എല്ലാം നടത്താൻ കിട്ടി.
ബുദ്ധി മാത്രമുള്ളവന് പഠിക്കാനവിടെ പറ്റില്ല. ഒരു പാട് പണം വേണം. ആത്മഹത്യകൾ, കൊലപാതകങ്ങൾ എന്നു വേണ്ട എല്ലാ കൊള്ളകളും അവിടെയെല്ലാം നടക്കുന്നു.
നാമാരും ഇന്ന് നമ്മുടെ കുട്ടികൾ സമരം ചെയ്ത് സാമൂഹ്യബോധമുള്ളവരാകാനാഗ്രഹിക്കുന്നില്ല.അവർ പഠിക്കുന്ന കോളേജുകൾ സമര കലാപ കേന്ദ്രങ്ങളാകാനും ആഗ്രഹിക്കുന്നില്ല. എങ്ങിനെയെങ്കിലും നാലക്ഷരം പഠിക്കണമെന്നേയുള്ളു.
കുട്ടികളെ ബുദ്ധിയുറക്കുന്നതിന് മുൻപേ നമ്മുടെ കൊടിയുടെ കീഴേകൊണ്ടു വന്നാൽ പിന്നെ അവനവിടെതന്നെ കുറെക്കാലം നിന്നോളുമെന്ന കാഞ്ഞ ബുദ്ധിയാണ് കാമ്പസ് രാഷ്ട്രീയ വാദികൾക്കുള്ളത്. അതിനൊന്നും യാതൊരു അർത്ഥമില്ലെന്ന് ഇന്ന് നമുക്ക് മനസ്സിലായിരിക്കുന്നു.
മഹാനായ ലെനിൻ സോവിയറ്റ് യൂണിയനിലെ വിദ്യാർത്ഥികളോട് ഒരിക്കൽ അവരുടെ മൂന്ന് കടമകളെക്കുറിച്ച് പറഞ്ഞതോർക്കാം.
"കുട്ടികളേ നിങ്ങളുടെ ഒന്നാമത്തെ കടമ പഠിക്കുകയാണ്.രണ്ടാമത്തെ കടമയോ ,അത് പഠിക്കുകയാണ്. മൂന്നാമത്തെ കടമയോ, അതും പഠിക്കുക എന്നതാണ്."
സാമൂഹ്യ മാറ്റത്തിന് വേണ്ടി സമരം ചെയ്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ടിയാനൻമെൻ സ്ക്വയറിൽ സംഭവിച്ചതുമോർക്കുന്നത് നന്ന്.... അവർക്ക് അഭിവാദ്യങ്ങൾ...
💪💪💪......വിദ്യാർത്ഥി ഐക്യം സിന്ദാബാദ്..... 💪💪💪