ഒരു യാത്രയുടെ
അനുഭവ (മിനി)കഥ
................................................
1992 ..... .... ..
കോട്ടയത്ത് ,ഒരു സ്വകാര്യ സ്ഥാപനത്തിൽ 500 രൂപാ മാസശമ്പളത്തിൽ അധ്യാപക ജോലിയുമായി കഴിയുന്ന കാലത്താണ് തായന്നൂർ സ്കൂളിലെ ജോലിക്കുള്ള ഉത്തരവ് കിട്ടിയത്.തൊഴിൽ രഹിത ജീവിതത്തിന്റെ അഞ്ചാം വർഷം കഴിച്ചുകൂട്ടി നാട്ടുകാരുടെയും വീട്ടുകാരുടെയും അർത്ഥഗർഭമായ നിശ്ശബ്ദ ചോദ്യങ്ങൾക്ക് ദിവസവും മറുപടി കൊടുത്ത് മടുത്ത കാലം.
സംഗതി കിട്ടുമ്പോൾ വൈകുന്നേരം 4 മണി. ജോയിൻ ചെയ്യേണ്ട അവസാന തീയതി പിറ്റേന്ന് അതായത് 1992 മാർച്ച് 28 ന് .
സ്ഥലം ..
ഗവ.ഹൈസ്കൂൾ ബേളൂർ_ തായന്നൂർ.
ആലോചിക്കാനോ ബാഗൊരുക്കാനോ ഒന്നും സമയമില്ല.
ആരോടും (രണ്ടു മിഴികളോടും) വിട പറയാൻ സമയം കിട്ടാതെ ഞാനോടി.മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കണം.
രാത്രി വണ്ടിയ്ക്ക് കേറണം.
എന്തായാലും ഒമ്പതരയുടെ മലബാർ എക്സ്പ്രസ്സിൽ ഒരു വിധം കയറിപ്പറ്റി.
ട്രെയിനിൽ സീറ്റുകിട്ടാതെ നിൽക്കുമ്പോഴെല്ലാം എന്റെ ഒരേയൊരു ചിന്ത ബേളൂർ വര തായന്നൂർ എന്ന സ്ഥലത്തുള്ള ഈ സ്കൂളിൽ ഞാനെങ്ങിനെ രാവിലെ 10 മണിക്കെത്തിച്ചേരും എന്നതു മാത്രമായിരുന്നു.
മൊബൈലില്ല,
വാട്ട് സാപ്പില്ല.
ഗൂഗിൾ മാപ്പില്ല.
ഗൂഗിൾ എർത്തില്ല.
ജി പി എസില്ല.
ഇവയൊന്നുമില്ലാത്ത അന്നത്തെയാ അപരിഷ്കൃത കാലം. ആകപ്പാടെ അറിയാവുന്നത് ഉദുമ സ്ക്കൂളിലുള്ള അകന്നൊരു ബന്ധുവായ ശ്രീകുമാർ എന്ന മാഷിനെയാണ്. കോട്ടിക്കുളം സ്റ്റേഷനിൽ ട്രെയിനിറങ്ങി ടിയാന്റെ വീട് കണ്ടു പിടിച്ചപ്പോൾ മണി 9.
ഇനി ഒരു മണിക്കൂർ.
മാഷ് ഓർഡർ നോക്കി പ്രവചിച്ചു.
"ഇത് കിഴക്കെവിടെയോ ആണ്. നമുക്ക് കോട്ടച്ചേരി സ്റ്റാൻഡിലെത്തി ബസ്സു പിടിക്കാം"
പക്ഷെ കോട്ടച്ചേരി സ്റ്റാൻഡിലെത്തിയപ്പോൾ ഡ്രൈവർമാർ പറഞ്ഞു.
"ബേളൂരറിയാം.
തായന്നൂരറിയാം.
പക്ഷെ ഇതേതപ്പാ സ്ഥലം "
...നടുവിൽ വരക്കുറിയിട്ട ഇങ്ങനെയൊരു സ്ഥലത്തേപ്പറ്റി അവർക്കാർക്കുമറിയില്ല പോലും.
അപ്പോൾ ബീഡി വലിച്ചു നിന്ന ഒരു ഡ്രൈവൻ ഉവാച :
"തായന്നൂർ എന്നൊരു സ്ഥലമുണ്ട്, പക്ഷേ അവിടേയ്ക്കൊള്ള ബസ് പോയി. ഇനി വൈകുന്നേരം മൂന്നരയ്ക്ക്"
ഞാൻ മനസ്സിൽ ചോദിച്ചു.
"അപ്പോൾ എന്റെ പണിയോ, പത്ത് മണിക്ക് ചെല്ലേണ്ടതാണ്"
ഡ്രൈവൻ ആശ്വസിപ്പിച്ചു.
"കാലിച്ചാനടുക്കം വഴി ബസ്സുണ്ട്, അവിടുന്ന് ജീപ്പു കിട്ടും, അല്ലെങ്കിൽ നടന്നാൽ മതി"
അങ്ങനെ ആ ബസ്സിൽ കയറി അടുക്കത്തിറങ്ങി ഒരു ജീപ്പിൽ കയറി തായന്നൂർ ടൗണിലെത്തിയപ്പോൾ കൊളംബസ് എവിടെയോ എത്തിയപ്പോൾ തോന്നിയ ആത്മനിർവൃതിയാണ് ഞാനനുഭവിച്ചത്.
വളരെ സന്തോഷമായി.
വഴിയിൽ കണ്ട പോസ്റ്റുമാൻ ശ്രീ.തമ്പാൻ അവിടെ നിന്നും ലക്ഷ്യത്തിലേക്ക് നയിച്ചു.
എന്നെ എതിരേറ്റ ആദ്യ വ്യക്തി...
അടുക്കത്തുനിന്നും പോന്ന വഴിയിലെല്ലാം ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ടായിരുന്നു. ഒരിടത്തും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും കാണുന്നില്ല.
"എന്താ ഇതിന്റെ രഹസ്യം, പിന്നെങ്ങിനെ കറണ്ടു കൊണ്ടു പോകും"
എന്ന് പോസ്റ്റുമാനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം എന്റെ ഹൃദയം തകർത്ത ആ യാഥാർത്ഥ്യം വെളിപ്പെടുത്തിയത്.
"കൊണ്ടു പോകാനിവിടെ കറണ്ടില്ല. ഇവിടെ മാത്രമല്ല, അടുത്തൊരിടത്തുമില്ല"
അരവിന്ദന്റെ "ഒരിടത്ത് " എന്ന സിനിമയിലെ പോലത്തെ ഒരു വൈദ്യുതി രഹിത നാട്ടിലാണെത്തിയതെന്നത് അറിഞ്ഞപ്പോൾ ഇന്നത്തെ ഫ്രീക്കൻമാർ പറയും പോലെ " അന്നേ പകച്ചുപോയി എന്റെ യൗവ്വനം"
തീവണ്ടിയിറങ്ങിയ കുടിയേറ്റ ബംഗാളിയെപ്പോലെ ഞാൻ ചുറ്റും അമ്പരപ്പോടെ നോക്കി.
ഖസാക്കിനെ ഓർമ്മിപ്പിക്കുന്ന വരണ്ട ഭൂപ്രകൃതി.
ഇല്ലിക്കാടുകൾ,
വേരു പൊന്തിയ മഴമരങ്ങൾ,
നീണ്ട ഒരു ഇരുനില സ്കൂൾ കെട്ടിടം.
സ്കൂൾ മുറ്റത്തെ കിണറിനരികിൽ ഒരു പെൺകുട്ടി കോരിയ വെള്ളം കുടത്തിലേക്കൊഴിച്ചു കൊണ്ടിരിക്കുന്നു. കാലനക്കം കേട്ട് അവൾ തിരിഞ്ഞു നോക്കി.
ഗൗനിക്കാതെ വീണ്ടും തൊട്ടി കിണറ്റിലേക്കിട്ടു.
ഓഫീസ് റൂമിൽ
ഹെഡ്മാസ്റ്ററില്ല,
ആരുമില്ല.
അടുത്ത റൂമിൽ രണ്ടു മൂന്നു പേരിരുന്നു ഉത്തരപേപ്പർ തിടുക്കപ്പെട്ട് നോക്കുന്നുണ്ട്.
ചാർജുള്ള
ടീച്ചറെ വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞ് ഒരാൾ പോയി. വീട്ടിൽ മീൻ വെട്ടിക്കൊണ്ടിരുന്ന ജാനമ്മ ടീച്ചർ നൈറ്റിയിൽ കൈ തുടച്ചു വന്ന് എന്നെ സ്വാഗതം ചെയ്തു. രജിസ്റ്ററിൽ ഒപ്പിടുവിച്ചു.
അങ്ങനെ ഞാൻ ഏകദേശം 12 മണിയോടെ ഒരു അധോ മണ്ഡല ഗുമസ്തനായി സർക്കാർ ജീവനത്തിൽ പ്രവേശിച്ചു.