അധ്യായം 2.... ദിനേശ് ബീഡിയും ഞാനും ഹോസ്റ്റൽ ജീവിതവും....
അങ്ങിനെ സിഗരറ്റ് വലിച്ചു തീർത്തു. വലിച്ചിട്ടും ഒരു സുഖം കിട്ടാത്തതു കൊണ്ട് ഹാഫ് - എ_ കൊറോണ കിട്ടാത്ത ഡിറ്റക്ടീവ് മാർക്സിനെ പോലെ ഞാൻ വഴിയിലോട്ട് നോക്കി വെറുതെ നിന്നു.
ഇതെന്തൊരു നാട്. ഗോൾഡ് ഫ്ലേക്ക് എന്നൊരു സിഗരറ്റിനെക്കുറിച്ച് കടക്കാരൻ കേട്ടിട്ടുപോലുമില്ല. കഷ്ടം.........
തീർത്തും വിരസമായ, മനം മടുപ്പിക്കുന്ന ഭൂപ്രകൃതി. മരുഭൂമിയിലെപ്പോലെ എവിടെയും മണൽക്കുന്നുകൾ. കുറെ ഇല കൊഴിഞ്ഞ കശുമാവുകൾ അവിടവിടെ നിൽക്കുന്നു.വഴിയിൽ കൂടി കുറെ പെണ്ണുങ്ങൾ ദേഹമാകെ പ്രത്യേക രീതിയിൽ ചലിപ്പിച്ചു കൊണ്ട് തലയിൽ മീൻ കുട്ടയും വെച്ചുകൊണ്ട് കുച്ചിപ്പുടി നർത്തകികളെപ്പോലെ ഓടുന്നതു കാണാം. രസമുണ്ട്. പെട്ടെന്ന് ലെവൽ ക്രോസ് അടച്ചു. മുക്കുവ പെണ്ണുങ്ങളെ പോലെ ചന്തി വീർത്ത കുറെ ഓട്ടോറിക്ഷകൾ റോഡിൽ വന്നു നിറഞ്ഞു. മെലിഞ്ഞൊട്ടിയ കുറെ പെണ്ണുങ്ങൾ കടയിൽ എന്തൊക്കെയോ മേടിക്കാൻ വന്നു കേറി. ബീഡിപ്പണിക്കാരാണത്രേ. ഭയങ്കര ഒച്ചയും ബഹളവും മനസ്സിലാകാത്ത ഭാഷയും. സന്ധ്യയായി. പോയേക്കാം.
പരോൾ കഴിഞ്ഞ് ജയിലിലേക്ക് തിരിച്ചു പോകുന്നയാളുടെ വികാരവിചാരങ്ങളോടെ ഞാൻ ഹോസ്റ്റലിലേക്ക് നടന്നു. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നെന്ന് മനസ്സ് എന്നോട് മന്ത്രിച്ചു. ദൂരെ മാറിനിന്ന് തൊഴുത്തിലേക്ക് നോക്കി. കരാട്ടേക്കാരൻ ഉത്തരത്തിൽ തൂങ്ങിക്കിടക്കുകയാണ്, വവ്വാലിനെപ്പോലെ . പൊങ്ങുകയും താഴുകയും ഇടയ്ക്കു നിലത്തു നിന്ന് കൈയിലെ മസിൽ പരിശോധിക്കുന്നതും കാണാം. തൃപ്തിവരാത്ത പോലെ വീണ്ടും ഉത്തരത്തിലേക്ക് കയറുന്നു. ''എന്റെ കർത്താവേ, എന്നെ രാത്രി നിരപ്പാക്കാനാണോ ഈ പഹയൻ മസിൽ വീർപ്പിക്കുന്നത് ". മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ പാവത്താനായി പാണ്ടി ലോറിയ്ക്ക് സൈഡ് കൊടുക്കുന്ന സൈക്കിൾകാരനെ പ്പോലെ സൈഡിൽ കൂടി മുറിയിലേക്ക് പോകുന്ന വഴി സീനിയേഴ്സിന്റെ മുറിയിലേക്ക് കണ്ണയച്ചു.വെളുമ്പൻമാർ മലയാളം പോലെ ഏതോ ഭാഷയിൽ എന്താക്കെയോ പറയുന്നുണ്ട്. എറണാകുളം കാരൻ ഒരു ബീഡിക്കുറ്റി കഷ്ടപ്പെട്ടു വലിച്ചു കയറ്റുകയാണ്. ഞാൻ നോക്കുന്നത് കണ്ടപ്പോൾ അഭ്യാസി തൂങ്ങുന്നതിന്റെയിടയിൽ ഒരു മൂളൽ. ''ങും". വേഗം മുറിയിൽ കേറി കതകടച്ചു. മുറിയിൽ ഒരാൾ ഒരു ദുബായ് കൈലിയുമുടുത്ത് നെഞ്ചത്ത് ഒരു തോർത്തും വിരിച്ച് കിടന്ന് കൂർക്കംവലിക്കുന്നു. സാറാണോ കുട്ടിയാണോ എന്നറിയില്ല.രണ്ടു പേർ ഘോര ഘോരം ചർച്ചയിലാണ്, എന്നെ ഗൗനിക്കുന്നു പോലുമില്ല. ഒരാൾ എസ്.ബി കോളേജിൽ പഠിച്ച കാര്യം പറയുന്നതു കേൾക്കുന്നുണ്ട്. പുള്ളി അവിടെ എന്തൊക്കെയോ ചെയ്തിട്ടുണ്ടത്രേ. മറ്റവൻ
"എന്നെ റാഗുചെയ്യുന്നവനെ ഞാൻ കാണിച്ചു കൊടുക്കും, ഞാൻ അപ്പാപ്പനോട് പറഞ്ഞു കൊടുത്ത് സസ്പെന്റ് ചെയ്യിക്കും"
എന്നൊക്കെ വീരവാദം മുഴക്കുന്നതും കേൾക്കാം. (അദ്ദേഹം അവിടുത്തെ ഒരു ലക്ചററാണു പോലും) "ഇവൻ അഹങ്കാരി തന്നെ''. ' ഞാൻ മനസ്സിൽ വിചാരിച്ചു. കട്ടിലിൽ കിടക്കുന്നയാൾ തിരിഞ്ഞു കിടന്നു വീണ്ടും കൂർക്കം വലിക്കാൻ തുടങ്ങി. എന്റെ കട്ടിലേതാണെന്നു പോലും ഈ പഹയൻമാർ പറയുന്നില്ല. ഞാനും സ്റ്റൂളിലിരുന്ന് ഒന്നു മയങ്ങി. കതകിൽ മുട്ടുകേട്ടാണ് കണ്ണ് തുറന്നത്.വർത്തമാനം നിർത്തി സഹമുറിയൻമാർ എന്നോട് ആദ്യമായി വാ തുറന്നു.
" റാഗിംഗുകാരാ, കതകു തുറന്നോ, നിന്നെ തപ്പി വന്നതാ".
അവൻമാർക്ക് ഭയങ്കര സന്തോഷമായതു പോലെ. ഞാനോടിപ്പോയി കതകു തുറന്ന് മുണ്ടഴിച്ചിട്ടു എന്തിനും തയ്യാറായി നിന്നു. വിരപോലെ മെലിഞ്ഞ രണ്ടു പേർ ആദ്യവും വെളുത്ത ചെറുതായി പല്ലുപൊങ്ങിയ മറ്റൊരാൾ പിന്നാലെയും മുറിയിലോട്ട് കയറി. കട്ടിലിൽ കിടക്കുന്നയാളെ നോക്കി വിരപോലുള്ളതിൽ കുന്തം പോലെ പൊക്കമുള്ളയാൾ എന്നോട് ചോദിച്ചു.
"ചത്തോ ?"
ഞാൻ ഇല്ലെന്ന് തോളനക്കിക്കാണിച്ചു.ഉടൻ മറ്റേ വിര കല്പിച്ചു
"നിന്റെ പെട്ടി തുറക്കടാ "
ഞാനോടിച്ചെന്ന് എന്റെ പിടിപൊട്ടിയ പെട്ടി തുറന്നു. അപ്പോൾ അതിനുള്ളിലിരുന്ന് ചിരിയ്ക്കുന്നു റോസ് ഉടുപ്പണിഞ്ഞ് ഒരു കൂട് ദിനേശ് ബീഡിയും ഒരു ഒട്ടകമാർക്ക് തീപ്പെട്ടിയും.മൂവരും പരസ്പരം അർത്ഥഗർഭമായി നോക്കി എന്നോട് ചോദിച്ചു
" നീ പ്രീഡിഗ്രിയാണോ ".
ഞാൻ മൊഴിഞ്ഞു.
"അതേ ".
പിന്നെ താമസിച്ചില്ല മര്യാദയ്ക്കു ജീവിച്ചാൽ നിനക്കു കൊള്ളാം എന്നൊരുപദേശവും നൽകി മൂന്നു പേരും സ്ഥലം കാലിയാക്കി. അന്നാദ്യമായി എനിക്കെന്റെ പ്രീഡിഗ്രിയോടും ദിനേശ് ബീഡിയോടും സ്നേഹം തോന്നി. അന്നു മുതൽ ഞാൻ സ്ഥിരമായി ദിനേശ് ബീഡി വലിക്കാനും കുറ്റി നിങ്ങൾക്കൊക്കെ തരാനും തുടങ്ങി. (ശുഭം, തുടരും)