Tuesday, 29 December 2015

ക്രിസ്തുമസ് കരോൾ , ഒരു ഓർമ്മക്കുറിപ്പ്

         ഈ ക്രിസ്തുമസ് നാളുകളിൽ ഞാനാദ്യമായി സാന്റാക്ലോസിന്റെ വേഷമണിഞ്ഞ ക്രിസ്തുമസ്സ് രാവാണ് ഓർമ്മയിൽ വരുന്നത് . 1993ലായിരുന്നു അത്. ഞാനന്ന് കേരളത്തിന്റെ അങ്ങേയറ്റത്തെ ജില്ലയായ കാസർകോട്ടെ കാഞ്ഞങ്ങാടിന് 20 കി.മീ കിഴക്കുള്ള "തായന്നൂർ " എന്ന  നാട്ടിലെ ഒരു സാധാരണ സർക്കാർ ഹൈസ്കൂളിൽ ക്ലാർക്കായി ജോലി ചെയ്യുന്ന കാലം . 

         ഇരുപത്തിയഞ്ചാം വയസ്സിൽ ലഭിച്ച സർക്കാർ ജോലിയുടെ ആവേശമുണർത്തുന്ന അവിവാഹിത കാലം.കോട്ടയം പോലുള്ള ഒരു പട്ടണത്തിൽ നിന്നും വൈദ്യുതിയെന്നത് എത്തി നോക്കിയിട്ടില്ലാത്ത ഒരു അപരിഷ്കൃത ഗ്രാമത്തിലെത്തിയതിന്റെ അമ്പരപ്പും നിരാശയും മാറി ആ നാടിനെ സ്നേഹിച്ചു തുടങ്ങിയ കാലം. കേവലം 825 രൂപാ അടിസ്ഥാന ശമ്പളം.    ഒ .വി വിജയന്റെ ഖസാക്കിനെ ഓർമ്മിപ്പിക്കുന്ന നാടും  നാട്ടുകാരും. ഏകാധ്യാപക വിദ്യാലയമല്ല എന്നും തൊടികളിൽ കരിമ്പനകളില്ല എന്നതുമൊഴിച്ചാൽ മറ്റെല്ലാം  കിറുകൃത്യം. സ്കൂളിനു തൊട്ടടുത്ത മൂന്നു മുറി ലൈൻ ക്വാർട്ടേഴ്സിലെ അറ്റത്തുള്ള   മുറികളിലൊന്നിലായിരുന്നു താമസം. താമസമെന്നു പറഞ്ഞാൽ വെപ്പും കുടിയും. കിടപ്പ് സ്കൂളിലെ ഏതെങ്കിലും ക്ലാസ് മുറിയിൽ ബഞ്ചുകൾ ചേർത്തിട്ടുണ്ടാക്കിയ താൽക്കാലിക കട്ടിലിൽ. 

          ഒരു രാത്രി.മണ്ണെണ്ണ വിളക്കിൻ വെട്ടത്തിൽ രാത്രിയിലെ സ്ഥിരം അങ്കം വെട്ടായ ഗുലാൻ പെരിശ് കളിയും കഴിഞ്ഞ് തന്നെ വെച്ചുണ്ടാക്കിയ കഞ്ഞി വറവും കൂട്ടിക്കുടിച്ച് ബീഡിയും വലിച്ച് സൊറ പറഞ്ഞിരിക്കുമ്പോഴാണ് ഇന്ന് ക്രിസ്തുമസ്സ് രാവാണല്ലോ എന്ന ബോധം ഉദിച്ചുയർന്നത് എല്ലാവരിലും. എല്ലാവരും എന്നുപറഞ്ഞാൽ വീട്ടിൽ നിന്നും പിണങ്ങി ഞങ്ങളോടൊത്ത് ലോകത്തോടു മുഴുവൻ വെറുപ്പുമായി ജീവിക്കുന്ന ചന്ദ്രൻ എന്ന  നാട്ടുകാരനായ  സഹകരണ ബാങ്ക് ക്ലാർക്ക് ,അനിൽ എന്ന കൊല്ലംകാരൻ സർക്കാർ പിഎച്ച്സി ആശുപത്രി ക്ലർക്ക്, തിരൂർക്കാരൻ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ,  "പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ " എന്ന് ഓരോ രാത്രിയിലും പാടി ഞങ്ങളെ കരയിപ്പിക്കുകയും അകാലത്തിൽ ഞങ്ങളെ എന്നന്നേയ്ക്കുമായി വിട്ടു പോകുകയും ചെയ്ത ജോൺ മേജർ എന്ന് ഞങ്ങൾ വിളിച്ചുകൊണ്ടിരുന്ന   കോട്ടയം താഴത്തങ്ങാടി സ്വദേശി ഹോമിയോ ഡോക്ടർ  അശോക് . പിന്നെയീ ഞാനും.            കഥയിലേക്ക് വരാം.     ആകാശത്തെ നക്ഷത്രങ്ങളല്ലാതെ ഒരു ക്രിസ്തുമസ്സ് വിളക്ക് പോലും കാണാനില്ലാത്ത കണ്ണെത്താത്ത വിജന ഭൂമി ചുറ്റിലും. ഒരു ഭൂതത്താൻ മട പോലെ തല പൊക്കി നിൽക്കുന്ന സ്കൂൾ കെട്ടിടം. മുനിഞ്ഞു കത്തുന്ന ഞങ്ങളുടെ മണ്ണെണ്ണ വിളക്കല്ലാതെ മറ്റ് വെളിച്ചങ്ങൾ എവിടെയുമില്ല. അപ്പോൾ പെട്ടെന്ന് ഡോക്ടർ പറഞ്ഞു.          

"നമ്മൾക്ക് കരോൾ പോയാലോ ".       

          പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരു ഫർലോംഗ്‌ അകലെയുള്ള പി എച്ച് സി യിൽ പോയി പഞ്ഞിയും പ്ലാസ്റ്ററും എടുത്ത് വന്ന് കൂട്ടത്തിൽ ഉയരമുള്ള എന്റെ തലയിലും താടിയിലും ഒട്ടിച്ചു, അടുത്ത ക്വാർട്ടേഴ്സുകളിലെ ടീച്ചർമാർ ക്രിസ്തുമസ്സ് അവധിക്ക് നാട്ടിൽ പോയപ്പോൾ അലക്കി വിരിച്ച തുണികളിൽ നിന്നും ഒരു ചുവന്ന നൈറ്റി പൊങ്ങംചാൽ കാരി ടെസ്സി ടീച്ചറുടെയോ കുന്നന്താനം കാരി ഷീബ ടീച്ചറുടെയോ വക എടുത്തു കൊണ്ടുവന്ന് ആരോ എന്റെ തലവഴിയിട്ടു. മുട്ടിനു താഴെയെത്തുന്ന നൈറ്റിയുമിട്ട് സാന്റാക്ലോസ് റെഡി. മൂന്നു പാട്ടവിളക്കിൽ മണ്ണെണ്ണ നിറച്ച് അടുക്കളയിൽ നിന്നും അലൂമിനിയം കലവുമെടുത്ത് കൊട്ടിക്കൊണ്ട് അഞ്ചംഗ കരോൾ ടീം പുറപ്പെട്ടു. ഏറ്റവും അടുത്തുള്ള അരക്കിലോ മീറ്റർ അകലെയുള്ള കളർപ്പാറ ജോർജ് എന്ന മാഷിന്റെ വീട്ടിലേക്ക് ആദ്യം. കതകിൽ കൊട്ടി വിളിച്ച്  അലുമിനിയം കലം കൊട്ടി ,അശോകൻ ഡോക്ടർ "രാജാധിരാജൻ എഴുന്നള്ളുന്നു " പാടി.ആരാണെന്നോ എന്താണൊന്നോ വീട്ടുകാർക്കാർക്കും മനസിലായില്ല ആദ്യം.വീണ്ടും അരക്കിലോമീറ്റർ കുന്നിറങ്ങി വീണ്ടും കുന്നുകയറി തോമസ് മാഷിന്റെയും വൽസമ്മ ടീച്ചറുടെയും വീട്ടിലേക്ക്.വീണ്ടും "രാജാധിരാജൻ " .സുരേഷും അനിലും ചന്ദ്രനും മാറി മാറി തുടികൊട്ടി. പത്തു വീട് കയറിയപ്പോൾ നടന്നത് അഞ്ചോളം കിലോമീറ്റർ. മണ്ണെണ്ണ തീർന്ന് വിളക്ക് കെട്ടു. ആരൊക്കെയോ എന്തൊക്കെയോ തന്നു. എണ്ണി നോക്കാൻ ആരും മിനക്കെട്ടില്ല. 

     കൂരിരുട്ടത്ത് മുളങ്കൂട്ടങ്ങൾ അതിരിട്ടു നിൽക്കുന്ന ഇഞ്ചക്കാടുകൾ നിറഞ്ഞ കശുമാവിൻ തോട്ടത്തിലൂടെ തിരിച്ച് മുറിയിലേക്ക്. നൈറ്റിയൂരി ലുങ്കിയുടുത്തു.മുഖത്തെ പഞ്ഞിക്കെട്ടുകൾ ഡോക്ടർ ജോൺ മേജർ ശ്രദ്ധാപൂർവ്വം അഴിച്ചുമാറ്റി സൂക്ഷിച്ചു. ആരും കരോൾ ഗാനവുമായി എത്താത്ത തായന്നൂർ കുന്നിൻ ചരിവുകളിലൂടെ ബത് ലഹേമിൽ പണ്ടെന്നോ ഉയിർ കൊണ്ട രാജാധിരാജനെ വാഴ്ത്തിപ്പാടി നടന്ന ആ കരോൾ യാത്രയാണ് എന്റെ ഏറ്റവും ദീപ്തമായ ക്രിസ്തുമസ്സ് സ്മരണ. എന്റെ മുഖത്തു നിന്നും അഴിച്ചെടുത്ത പഞ്ഞിക്കെട്ടുകൾ  ഒരു പാട് തായന്നൂർ കാരുടെ മുറിവുകളിലെ വേദനയൊപ്പുവാൻ ഡോക്ടർ മേജർ ഉപയോഗിച്ചുവെന്നത് കരുണയുടെ ദൂതനായ യേശുക്രിസ്തുവിന്റെ ജനനം വിളിച്ചോതിയ ക്രിസ്തുമസ്സ് കരോളിന്റെ ഏറ്റവും അർത്ഥപൂർണ്ണമായ അന്ത്യമായി.

            സെൽഫികൾ അരങ്ങു തകർക്കുന്ന ഈ 2015ൽ കഴിഞ്ഞ നൂറ്റാണ്ടിലെ ഈയൊരോർമ്മ ഒരു ക്യാമറച്ചിത്രം പോലുമില്ലാതെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.