Friday, 21 September 2018

വാരസ്യാർ ടീച്ചർ

അപ്രതീക്ഷിതമായാണ് അന്ന് വാരസ്യാർ ടീച്ചറുടെ ഫോൺ വിളിയെത്തിയത്.
പഴയതുപോലെ ,മുഖവുരയൊന്നുമില്ലാതെ തന്നെ ടീച്ചർ ചോദിച്ചു
"നിനക്കിപ്പോൾ എവിടെയാണ് ജോലി "
ഞാനപ്പോൾ കോട്ടയം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ മോട്ടോർ വാഹന ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു.
ഞാനത് പറഞ്ഞു.
ടീച്ചറും പറഞ്ഞു
"ഞാനതറിഞ്ഞു കൊണ്ടു തന്നെയാണ് വിളിച്ചത് "
ടീച്ചറുടെ ആവശ്യം ലളിതമായിരുന്നു. ടീച്ചർക്കൊരു ഡ്രൈവിംഗ് ലൈസൻസെടുക്കണം.മക്കളെല്ലാവരും ഉന്നതനിലയിലായി.അവർക്കെല്ലാം വണ്ടികളുണ്ട്. അവരുടെ കൂടെ ദൂരെ യാത്രകൾ പോകുമ്പോൾ ടീച്ചർക്ക് വാഹനമോടിക്കുവാൻ തോന്നുമത്രേ.
"ഐ വാൻട് ടു ഫീൽ ദ പ്ലഷർ ഓഫ് ഡ്രൈവിംഗ് "
അത്രയേയുള്ളു.
ഞാൻ പറഞ്ഞു.
"അതിനെന്താ, ടീച്ചർ ഓടിക്കുവാൻ പഠിച്ച് ഓടിക്കണം"
"പക്ഷേ ഞാൻ നിയമം തെറ്റിക്കില്ല. അതിനാണ് ഞാൻ നിന്നെ വിളിച്ചത്, എനിക്കൊരു ലൈസൻസെടുക്കണം.പഠിച്ച് എല്ലാ നിയമങ്ങളും പാലിച്ച് ടെസ്റ്റ് ജയിച്ച്എനിക്ക് ലൈസൻസെടുക്കണം. അതിന്റെ രീതി എനിക്ക് പറഞ്ഞു തരണം."
ഞാൻ മനസ്സുകൊണ്ട് കുമ്പിട്ടു പോയി. പഴയ അതേ ടീച്ചർ തന്നെ.
പാറുക്കുട്ടി വാരസ്യാർ ടീച്ചർ ഏറ്റുമാനൂർ ഗവ.ബോയ്സ് ഹൈസ്കൂളിലെ എന്റെ അധ്യാപികയായിരുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ ക്ലാസ് ടീച്ചർ. ഇംഗ്ലീഷായിരുന്നു വിഷയം.TMPW എന്ന് മനോഹരമായി പുറത്തെഴുതിയ ഇംഗ്ലീഷ് പാഠപുസ്തകവുമായി കുലീനത മുറ്റി നിൽക്കുന്ന മുഖവുമായി മൂന്നു വർഷം എല്ലാ ദിവസവും ഒന്നാം പീരിയഡിൽ ക്ലാസിലെത്തിയിരുന്ന ടീച്ചറുടെ രൂപം എന്റെ മനക്കണ്ണാടിയിൽ തെളിഞ്ഞു.സ്കൂളിലെ ഏറ്റവും കർശനക്കാരിയായ അധ്യാപികരിൽ ഒരാളായിരുന്നു വാരസ്യാർ ടീച്ചർ. എന്നും ക്ലാസിലെത്തി ഗദ്യവും പദ്യവും ഒരു പോലെ മനോഹരമായി പഠിപ്പിച്ച് പിറ്റേന്ന് കൃത്യമായി ചോദ്യോത്തരം ചോദിച്ച് പകർത്തു ബുക്ക് നോക്കി കയ്യക്ഷരം വിലയിരുത്തി താരതമ്യേന പഠനത്തിൽ പിന്നോക്കമായിരുന്ന കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ അടിത്തറയിടാൻ ശ്രമിച്ചു ടീച്ചർ.
എന്നെ സംബന്ധിച്ചിടത്തോളം ടീച്ചർ എന്റെ ജീവിതത്തിൽ വരുത്തിയ സ്വാധീനം അതിലും വലുതായിരുന്നു.അതേ സ്കൂളിൽ തന്നെ വർക്ക് എക്സ്പീരിയൻസ് അധ്യാപകനായിരുന്ന എന്റെ അച്ഛനിൽ നിന്നും എനിക്ക്  അത്യാവശ്യം വായനാശീലമുണ്ടെന്നറിഞ്ഞ ടീച്ചർ, ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത്  ഒരു ദിവസം എന്നെ വിളിച്ചുപറഞ്ഞു.
"നീ വീട്ടിലേക്ക് വൈകുന്നേരം വരണം "
ഞാൻ വീട്ടിൽ ചെന്നു.
അപ്പോൾ മക്കൾക്കു വേണ്ടി വാങ്ങിച്ചു വെച്ചിരിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ തന്നു.
അക്കൊല്ലം അവധിക്കാലത്ത്
മാതൃഭൂമി സ്റ്റഡിസർക്കിൾ കലോൽസവത്തിന് കഥാരചനയ്ക്കും പ്രശ്നോത്തരിയ്ക്കും എന്റെ പേർ നൽകി. അങ്ങനെ മൽസരദിനമെത്തി.
ആദ്യമായി കോട്ടയം പട്ടണം കാണാൻ പോകുന്ന സന്തോഷമായിരുന്നു എനിക്ക്. മൽസരങ്ങൾ നടക്കുന്ന സ്കൂളിലെത്തി ഓരോ പരിപാടിയും കണ്ടും കേട്ടും ഞങ്ങളിരുന്നു. അവസാനം കഥാരചനയ്ക്കുള്ളവർ ഹാളിലേക്ക് ചെല്ലാൻ പേരു വിളിച്ചു. എനിക്ക് വെപ്രാളമായി.ഞാൻ ടീച്ചറുടെ മുഖത്തേക്ക്   നോക്കി.ടീച്ചറെന്റെ കൈ പിടിച്ചു ഹാളിലേക്ക് കൊണ്ടു പോയിരുത്തി ധൈര്യം തന്നു.
"നീ മനസ്സിൽ തോന്നുന്നതെന്താണെന്നു വെച്ചാൽ അതെഴുതി വെച്ചേരെ" വീട്ടിൽ അവഗണന അനുഭവിക്കുന്ന ഒരു കുട്ടിയുടെ കഥയാണ് ഞാനെഴുതിയത്.
അവസാനം ഫലം വന്നപ്പോൾ ഒന്നാം സ്ഥാനമെനിക്ക്.ക്വിസിനും ഞങ്ങളുടെ ടീമിന് ഒന്നാം സ്ഥാനം. പിറ്റേന്ന് സ്കൂൾ അസംബ്ലിയിൽ വിളിച്ച് സർട്ടിഫിക്കറ്റുകൾ വീണ്ടും തന്നു. സന്തോഷവും അഭിമാനവും കൊണ്ട് ഞാൻ വാനോളമുയർന്ന ദിനങ്ങൾ.

ഏറ്റുമാനൂർ നിന്നുമുള്ള കുട്ടികളുടെ കൂടെ കോട്ടയത്തുകൊണ്ടുപോയി മത്സരിപ്പിച്ചു.

പറഞ്ഞതുപോലെ തന്നെ ടീച്ചർ ഡ്രൈവിംഗ് പഠിച്ച് എല്ലാവരെയും പോലെ തന്നെ ടെസ്റ്റ് പാസ്സായി ലൈസൻസെടുത്തു. ടീച്ചർ കുറച്ചു ദൂരമെങ്കിലും വാഹനം ഓടിച്ചിരിക്കണം.അതായിരുന്നു ടി എം പാറുക്കുട്ടി വാരസ്യാർ ടീച്ചർ. എന്റെ ജീവിതയാത്രയിൽ എന്നെ രണ്ടു പടി മുകളിലേക്കുയർത്തിയ എന്റെ പ്രിയപ്പെട്ട അധ്യാപിക.

Saturday, 3 February 2018

വിദ്യാർത്ഥി ഐക്യം സിന്ദാബാദ്...

പിള്ളേരുടെ സമരവും ഞാനും.....

ഈ പറഞ്ഞ അടിയന്തരാവസ്ഥക്കാലത്ത് ഞാൻ സമരങ്ങൾക്കും പത്താം ക്ലാസിലെ തോൽവിയ്ക്കും പേരുകേട്ട ഏറ്റുമാനൂരിലെ ഒരു സർക്കാർ സ്കൂളിൽ പഠിക്കുകയായിരുന്നു. എനിക്കാണെങ്കിൽ സമരങ്ങൾ ഒരു പാട് ഇഷ്ടമായിരുന്നു അക്കാലത്ത്.ഒന്നാമത്തെകാരണം പഠിക്കണ്ട. പിന്നെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഗേൾസ് സ്കൂളിലേക്ക് സമരവുമായി പോകാം. പക്ഷെ,അച്ഛൻ സ്കൂളിൽ തന്നെയുള്ളതുകൊണ്ട് സമരത്തിന്റെ മുൻപിലും നിൽക്കാൻ പറ്റില്ല  പിന്നിലും നിൽക്കാൻ പറ്റില്ല.ചുറ്റിപ്പറ്റി നിൽക്കാം.
കുറച്ചു നേരം സ്കൂൾ ഗ്രൗണ്ടിൽ കളിക്കാം. പിന്നെ വീട്ടിൽ പോകാം.പക്ഷെ അടിയന്തരാവസ്ഥക്കാലം വന്നപ്പോൾ സമരങ്ങൾ സ്വിച്ചിട്ട പോലെ നിന്നു. വെറും പഠിത്തം മാത്രം. സാറൻമാരൊക്കെ കൃത്യസമയത്തും വരാൻ തുടങ്ങി.
കഷ്ടകാലം...
പക്ഷെ, ശിശിരം വന്നാൽ വസന്തം അകലെയാവില്ലയെന്ന് പണ്ട് കീറ്റ്സോ ഷെല്ലിയോ പറഞ്ഞതുപോലെ തന്നെ ഉടനെ വസന്തം വന്നു.
പ്രീഡിഗ്രിക്കാലവും പോളിടെക്നിക്ക്കാലവും സമരങ്ങളുടെ പുഷ്ക്കല കാലമായിരുന്നു. പോളിടെക്നിക് കാലത്ത്, രാവിലെ ഹോസ്റ്റലിൽ മനോരമയും മാതൃഭൂമിയും  അരിച്ചു പെറുക്കി ആരെങ്കിലും ആഹ്വാനം ചെയ്തിട്ടുണ്ടോ എന്നു നോക്കി, ഇല്ലെങ്കിലും നിരാശപ്പെടാതെ  സ്വന്തമായി ഒരു കാരണമുണ്ടാക്കി പോളിയിലേക്ക് മാർച്ച് ചെയ്തു പോയതൊക്കെയോർക്കുന്നു.
രാഷ്ട്രീയ ഭേദമില്ലാതെ അണിനിരന്ന് ക്ലാസില്ലാതാക്കുക എന്ന പൊതു ലക്ഷ്യം നേടിയെടുക്കുവാൻ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. എസ്റ്റിമേറ്റിംഗ് കോസ്റ്റിംഗിന്റെ ക്ലാസ് പരീക്ഷയിൽ നിന്നും രക്ഷപെടാൻ നാലു ദിവസം ശൂന്യതയിൽ നിന്നും കാരണങ്ങളുണ്ടാക്കി സമരം ചെയ്തപ്പോൾ സഹികെട്ട് പരീക്ഷ തന്നെ വേണ്ടെന്നുവെച്ച  രാജൻ സാറിനെയും സ്റ്റാഫ് റൂമിന്റെ മുന്നിൽ നിന്ന് പ്രകടനത്തെ നിർന്നിമേഷനായി നോക്കി നിന്ന് " ആ വിളിച്ചോ വിളിച്ചോ, ഒന്നിനും പഠിക്കണമെന്നില്ലല്ലേ" എന്ന് ചൊല്ലിയ പോൾ സാറിനെയും ബെല്ലടിച്ചാലുടൻ തന്റെ അംബാസിഡറും സ്റ്റാർട്ടാക്കി പോയിരുന്ന ബാലകൃഷ്ണൻ സാറിനെയും സ്മരിക്കുന്നു.
പിന്നെ പ്രൈവറ്റ് പോളിടെക്നിക്കിനെതിരേ നടത്തിയ കടുകട്ടി സമരം. കോണിപ്പടിയുടെ കീഴിലെ നിരാഹാര സമരം, കാഞ്ഞങ്ങാട് ടൗണിൽ നടത്തിയ ഹൈവേ പിക്കറ്റിംഗ്,ഹക്കീം ബത്തേരിയും മറ്റു പേരു മറന്നു പോയ പോലീസ് സാറൻമാരും മറ്റും മറ്റും......
ഈ സമരങ്ങൾ കൊണ്ടൊക്കെ നാമെന്തു നേടി. ചോരത്തിളപ്പിന്റെ താപനില ഒരുപാടുയർന്നു പോകാതെ നിയന്ത്രിച്ചു നിർത്താനായി. പിന്നെ നല്ല രസമുണ്ടായിരുന്നു. ആളുകളുടെയൊക്കെ മുൻപിൽ ഞാനും എന്തൊക്കെയോ യൊക്കെയാണ് എന്ന് തോന്നിപ്പിക്കാനായി. ചുരുക്കിപ്പറഞ്ഞാൽ ഒരു റിലാക്സിയേഷൻ കിട്ടി.
അത്രമാത്രം.....

*വാൽക്കഷ്ണം....*
പാലായിലെ പാതിരിമാർക്കും സമസ്ത കേരളനായൻമാർക്കും കോഴിക്കോട്ടെ കോയമാർക്കും മാത്രമല്ല കള്ളു കച്ചവടക്കാരും ചിട്ടിക്കമ്പനിക്കാരും ഭക്തി ബിസിനസ്സുകാരും ഇന്ന് പോളിയും മെഡിസിറ്റിയും എൻജി.കോളേജും എല്ലാം നടത്താൻ കിട്ടി.
ബുദ്ധി മാത്രമുള്ളവന് പഠിക്കാനവിടെ പറ്റില്ല. ഒരു പാട് പണം വേണം. ആത്മഹത്യകൾ, കൊലപാതകങ്ങൾ എന്നു വേണ്ട എല്ലാ കൊള്ളകളും അവിടെയെല്ലാം നടക്കുന്നു.

നാമാരും ഇന്ന് നമ്മുടെ കുട്ടികൾ സമരം ചെയ്ത് സാമൂഹ്യബോധമുള്ളവരാകാനാഗ്രഹിക്കുന്നില്ല.അവർ പഠിക്കുന്ന കോളേജുകൾ സമര കലാപ കേന്ദ്രങ്ങളാകാനും ആഗ്രഹിക്കുന്നില്ല. എങ്ങിനെയെങ്കിലും നാലക്ഷരം പഠിക്കണമെന്നേയുള്ളു.

കുട്ടികളെ  ബുദ്ധിയുറക്കുന്നതിന് മുൻപേ നമ്മുടെ കൊടിയുടെ കീഴേകൊണ്ടു വന്നാൽ പിന്നെ അവനവിടെതന്നെ കുറെക്കാലം നിന്നോളുമെന്ന കാഞ്ഞ ബുദ്ധിയാണ് കാമ്പസ് രാഷ്ട്രീയ വാദികൾക്കുള്ളത്. അതിനൊന്നും യാതൊരു അർത്ഥമില്ലെന്ന് ഇന്ന് നമുക്ക് മനസ്സിലായിരിക്കുന്നു.

മഹാനായ ലെനിൻ സോവിയറ്റ് യൂണിയനിലെ വിദ്യാർത്ഥികളോട് ഒരിക്കൽ അവരുടെ മൂന്ന് കടമകളെക്കുറിച്ച് പറഞ്ഞതോർക്കാം.

"കുട്ടികളേ നിങ്ങളുടെ ഒന്നാമത്തെ കടമ പഠിക്കുകയാണ്.രണ്ടാമത്തെ കടമയോ ,അത്  പഠിക്കുകയാണ്. മൂന്നാമത്തെ കടമയോ, അതും പഠിക്കുക എന്നതാണ്."
സാമൂഹ്യ മാറ്റത്തിന് വേണ്ടി സമരം ചെയ്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ടിയാനൻമെൻ സ്ക്വയറിൽ സംഭവിച്ചതുമോർക്കുന്നത് നന്ന്.... അവർക്ക് അഭിവാദ്യങ്ങൾ...

💪💪💪......വിദ്യാർത്ഥി ഐക്യം സിന്ദാബാദ്..... 💪💪💪

റോഡിലെ മാന്യത

റോഡിലെ മാന്യതയില്ലാത്തവർ....
നാമെല്ലാം വ്യക്തി ജീവിതം നയിക്കേണ്ടത് നാട്ടിൽ നിലവിലുള്ള നിയമസംഹിതയെ അനുസരിച്ചാവണം. കൂടാതെ എഴുതപ്പെടാത്ത കുറെ സാമൂഹ്യനിയമങ്ങളും പാലിക്കണം. അങ്ങനെ ജീവിക്കുന്നവരെയാണ് സംസ്കൃതചിത്തരായ ഉത്തമ മനുഷ്യരായി കണക്കാക്കുന്നത്.
റോഡിലും മാന്യതയില്ലാത്തവരുണ്ട്.
റോഡിൽ നിലവിലുള്ള ഗതാഗത നിയമങ്ങൾ അനുസരിച്ചും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് പരിഗണന നൽകിയും റോഡ് പരസ്പരം പങ്കുവെച്ചുപയോഗിക്കുന്നവരാണ് റോഡിലെ ഉത്തമ ഡ്രൈവർമാർ....റോഡിൽ ഇടതു വശം ചേരാതെ വലതു വശത്തുകൂടി വണ്ടിയോടിച്ച് എതിരെ വരുന്നവരെ ബുദ്ധിമുട്ടിക്കുന്നവരാണ് റോഡിലെ അമാന്യരിൽ വലിയൊരു പങ്ക്. ഇടതു വശത്തുകൂടി ഓവർ ടേക്ക് ചെയ്യുന്നവർ, സിഗ്നൽ നൽകാതെ തിരിയുന്നവർ, ചുവപ്പ് സിഗ്നലുകൾ അവഗണിച്ച് ഓടിച്ചു പോകുന്നവർ,റോഡിൽ മറ്റുള്ളവർക്ക് അസൗകര്യവും അപകടവും ഉണ്ടാക്കും വിധം വാഹനം പാർക്ക് ചെയ്യുന്നവർ, പകൽ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച്      ആപൽക്കരമായി വരരുത്, വന്നാൽ കൊന്നുകളയും എന്നാക്രോശിച്ചു കൊണ്ട്  ഓവർ ടേക്ക് ചെയ്യുന്നവർ, അനാവശ്യമായി  ഹോണടിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നവർ, പെഡസ്ട്രിയൻ ക്രോസിംഗിൽ കാത്തു നിൽക്കുന്നവരെ പരിഗണിക്കാതെ ഓടിച്ചു പോകുന്നവർ,

Wednesday, 31 January 2018

മെഡൽ

മെഡൽ............
(മിനിക്കഥ)
.............................................
ഞാനെന്നോടു തന്നെ ചോദിച്ചു... നിനക്കെന്താണീ മെഡൽ കിട്ടാത്തത്.
ഞാൻ തന്നെ മറുപടിയും ചൊല്ലി.
ഞാനത് കാമിച്ചിട്ടില്ലല്ലോ. ചോദിച്ചിട്ടുമില്ല.

അതെന്താണ്, പുഴുക്കുത്ത് വല്ലതും...
ഏയ്, അതൊന്നുമില്ല.
പക്ഷേ,ഒരു കഴഞ്ചു സമയം പോലും കളയാതെ ഡിപ്പാർട്ടുമെന്റിനെ സേവിക്കാനാണ് എനിക്ക് മോഹം. മെഡലെങ്ങാൻ കിട്ടിയാൽ അത് യൂണിഫോമിൽ കുത്തിപ്പിടിപ്പിക്കാൻ  മൂന്നാലു മിനിട്ട് വേണ്ടേ.
ജോലി ചെയ്യുവാനുള്ള സമയം അത്രയും കുറഞ്ഞു പോകില്ലേ.. അതാണ് ഞാൻ
മെഡലിന് അപേക്ഷിക്കാത്തത്.
മനസ്സിലായോ...?

ഞാനെന്നെത്തന്നെ സമ്മതിച്ചു പോയി...  മെഡലു വേണ്ടാത്തൊരു ഞാൻ.

കണ്ണേ മടങ്ങുക

കണ്ണേ മടങ്ങുക....

ചങ്ങരംകുളത്തെ  ദുരന്ത വാർത്ത നമ്മുടെയെല്ലാം കരളലിയിക്കുന്നു.
മുഴുവൻ വായിക്കാനായില്ല.

പ്രകൃതിദുരന്തങ്ങൾ,
റോഡപകടങ്ങൾ, മുങ്ങിമരണങ്ങൾ അങ്ങനെയങ്ങനെ കുറെ കാരണങ്ങളാൽ ഒരുപാട് പേരെ മരണം കൊണ്ടു പോകുന്നു. പ്രകൃതിയുടെ കലിതുള്ളൽ മൂലമുള്ള അത്യാഹിതങ്ങൾ ഒരു പരിധി വരെയും മറ്റുള്ളവ പൂർണ്ണമായും ഒന്നു മനസ്സുവെച്ചാൽ നമുക്ക് തടയാനാവും.

തദ്ദേശസ്ഥാപനങ്ങൾക്ക് ഈ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങൾ ഒന്ന് അടയാളപ്പെടുത്തിയാലെന്താ..?
ജനമൈത്രി പോലീസ്, അഗ്നി സുരക്ഷാ സേന പോലുള്ള വിദഗ്ദ വിഭാഗങ്ങളുടെ സഹായം തേടി ഒരു സുരക്ഷാ ഓഡിറ്റിംഗ് നടത്താൻ വിചാരിച്ചാൽ അവർക്ക് കഴിയില്ലേ...?
എന്നിട്ട് സുരക്ഷാ മുൻകരുതലുകൾ സ്ഥിരമായി ഏർപ്പെടുത്താനാവില്ലേ...?
തദ്ദേശ വാസികൾക്ക്  പരിശീലനം നൽകി
എല്ലാക്കൊല്ലവും ലാപ്സായിപ്പോയ്ക്കൊണ്ടിരിക്കുന്ന ഫണ്ട് കൊണ്ട് അവർക്ക് വേതനം നൽകി ഒരു സംരക്ഷണസേന ഉണ്ടാക്കിയാലെന്താണ്....? ദുര മൂത്ത് മണൽ വാരി നാമുണ്ടാക്കിയ നദികളിലെ കയങ്ങളെല്ലാം മറ്റിടങ്ങളിലെ മണൽ കൊണ്ടു തന്നെ മൂടി നദികളിലെ മൃത്യു ഗഹ്വരങ്ങളെല്ലാം ഇല്ലാതാക്കി അവയെ പഴയപോലെ സുരക്ഷിത സ്ഥലങ്ങളാക്കിക്കൂടേ...?
ആൾമറകളില്ലാത്ത കിണറുകൾക്കെല്ലാം ആൾമറകളുണ്ടാക്കിക്കൂടേ... ?
പാറമടകൾ അനാദികാലം വരെയെന്തിന് നിലനിർത്തണം, പാതി മൂടി മീൻ വളർത്തൽ കുളങ്ങളാക്കിക്കൂടേ...?

മരണത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടു പോകുന്ന കൗമാര യൗവ്വനങ്ങളെ നമുക്ക് രക്ഷിക്കണ്ടേ...?
അവരെയൊക്കെ നീന്തലറിയാവുന്നവരായി മാറ്റിക്കൂടേ....?
ഒരുപാട് ചോദ്യങ്ങൾ വീണ്ടും ബാക്കിയാവുന്നു...

ആ കുഞ്ഞുങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു ..

മുരളി തുമ്മാരുകുടിയുടെ "പഠിക്കാനുണ്ട് , ഒരുപാട് " എന്ന ലേഖനത്തിന്റെ അവസാന ഖണ്ഡികയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
(അതാണെന്നെയിങ്ങനെ ചിന്തിപ്പിച്ചത്. മുരളി സാറിന്റെ ഉൽകൃഷ്ട ചിന്തകൾക്ക് കൂപ്പുകൈ....)

ദുരന്തങ്ങളേ, വിട

ഇന്ന് നവമ്പർ 19.
റോഡ് അപകടങ്ങളിൽപ്പെട്ട് മൃതിയടഞ്ഞവരെ ലോകമെമ്പാടും അനുസ്മരിക്കുന്ന ദിനം.
ഈ അനുസ്മരണങ്ങളൊന്നും എത്തിച്ചേരാത്ത ഇടങ്ങളിലേക്ക് പിൻമടങ്ങിയ ഒട്ടേറെപ്പേരുണ്ട്.ഈ ഭൂമിയിൽ നമ്മെപ്പോലെ ശ്വസിച്ചും  ഉറങ്ങിയും ഉണർന്നും സ്വപ്നം കണ്ടും ജീവിച്ചിരുന്നവർ. ഒരു നിമിഷം കൊണ്ട് ഇല്ലാതായിപ്പോയവർ.

നിരത്തിലെ അപകടങ്ങൾ കുറെപ്പേരെ ദിനംതോറും മൃതിയുടെ കവാടം കടത്തിവിടുന്നു.കുറെപ്പേരെ ആജീവനാന്തം ശയ്യാവലംബികളാക്കുന്നു. കുറെയേറെ കുടുംബങ്ങളെ അനാഥമാക്കുന്നു.

റോഡപകടങ്ങളിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങളുണ്ട്. റോഡിന്റെ പരിമിതികൾ, വാഹനത്തിന്റെ കുറ്റങ്ങൾ.... അങ്ങിനെയങ്ങനെ.
നിങ്ങൾക്കും വേറെ കുറെ കാരണങ്ങൾ ഇങ്ങനെ പറയാനുണ്ടാകും.പക്ഷെ  വിവേകപൂർവ്വം റോഡിൽ പെരുമാറുന്നതു വഴി ഇവയെയൊക്കെ നമുക്ക് മറികടക്കാവുന്നതാണ്.

പൊതിച്ചോർ കെട്ടിനടന്നും കഴുതപ്പുറത്തും കുതിരപ്പുറത്തും കയറിയും അവ കെട്ടിയ വണ്ടിയിൽ സഞ്ചരിച്ചും ജീവിച്ച ആ കാലത്തു നിന്നും വേഗത്തിൽ ആയാസരഹിതമായി ലക്ഷ്യത്തിലേക്കെത്തിച്ചേരുവാൻ നമ്മെ സഹായിച്ചവയാണ് വാഹനങ്ങൾ.ഒരു വാഹനവും അപകടകാരിയല്ല.
ദ്രാവകം അത് നിറക്കപ്പെടുന്ന പാത്രത്തിന്റെ രൂപം സ്വീകരിക്കുന്നു എന്നതുപോലെ വാഹനം അതോടിക്കപ്പെടുന്നയാളുടെ സ്വഭാവമനുസരിച്ച്‌ പ്രവർത്തിക്കുന്നു.നമുക്ക് നമ്മുടെ റോഡ് സംസ്കാരം മെച്ചപ്പെടുത്താം. റോഡിൽക്കാണുന്ന എല്ലാപ്പേരെയും തന്റെ മാതാപിതാക്കളായും  സഹോദരരായും കുഞ്ഞുങ്ങളായും കാണുന്ന സമീപനമാണ് നമുക്ക് വേണ്ടത്.അവരെ അപകടപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ഇനി മുതൽ തന്റെ ഭാഗത്തു നിന്നുണ്ടാവില്ല എന്ന് നാം തീരുമാനിച്ചാൽ ഇനി ഈ അനുസ്മരണ ദിനങ്ങൾ ആചരിക്കേണ്ട ആവശ്യമേ ഉണ്ടാവില്ല.
ദുരന്തങ്ങൾ സംഭവിക്കാത്ത നിരത്തുകൾ സ്വപ്നം കണ്ടു കൊണ്ട്.....

സേവനവാരം

സേവനവാരം .......
ഒരോർമ്മക്കുറിപ്പ് .......

ഈ ഗാന്ധിജയന്തി ദിനത്തിൽ എനിക്കോർമ്മ വരുന്നത് സ്കൂൾ പഠനകാലത്തെ ആ കുറെ നല്ല ദിനങ്ങളാണ്.എന്റെ സമകാലീനരായ ഒരു കൂട്ടം ആളുകൾക്കു മാത്രം ഓർമ്മയിൽ വരുന്ന നാളുകൾ.
മഹാത്മജിയുടെ ആത്മാർപ്പണത്തിന്റെയും മാനവസേവയുടെയും ശുചിത്വത്തിന്റെയും സന്ദേശങ്ങൾ കുട്ടികൾക്കിടയിൽ വളർത്തുവാനുതകുന്ന ഒരു നല്ല പരിപാടിയായിരുന്നു ഒക്ടോബർ രണ്ടിന് തുടങ്ങി ഒരു വാരം നീണ്ടു നിന്നിരുന്ന അന്നത്തെ സേവനവാര മഹോൽസവം.

ഏറ്റുമാനൂർ ഗവ.ബോയ്സ് ഹൈസ്കൂളിലെ എന്റെ ഏഴാം ക്ലാസ്സുകാലം.

അന്ന്,ഞാനുൾപ്പെടെ എല്ലാ കുട്ടികളും രാവിലെ തന്നെ കുളിച്ചൊരുങ്ങി പുസ്തക കെട്ടുകളുടെ ഭാരം കയ്യിലില്ലാതെ  സ്കൂളിലെത്തി.പകരം കൈകളിലുള്ളതാകട്ടെ ,വീട്ടിൽ നിന്നെടുത്ത തൂമ്പയും കുട്ടയും വെട്ടുകത്തിയും മറ്റും.
ചിലരുടെ കൈയ്യിലെ സഞ്ചിയിൽ അരിയും പലവ്യഞ്ജനങ്ങളും കപ്പയും തേങ്ങയും വീട്ടിൽ വിളഞ്ഞ മറ്റ് പച്ചക്കറികളും.എല്ലാം ഉച്ചഭക്ഷണത്തിനുള്ളതാണ്.

എല്ലാ കുട്ടികളും പല ഗ്രൂപ്പുകളായി തിരിഞ്ഞ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ പണികൾ തുടങ്ങുന്നു.ചെറിയ കുട്ടികൾക്ക് പുല്ലു പറിക്കൽ പോലുള്ള കുഞ്ഞുജോലികൾ.എന്നെപ്പോലുള്ള ഇടത്തരക്കാർക്ക് സ്കൂളിനുള്ളിലെ ചെറു നിർമ്മാണങ്ങളും പരിസര ശുചീകരണവും.എട്ടാം ക്ലാസ്സുമുതലുള്ള വലിയവർക്ക് പുറത്തു പോയി ആശുപത്രി , കവലകൾ, റോഡുകൾ എന്നിവ വൃത്തിയാക്കാനുള്ള ഭാഗ്യം കിട്ടി.
(അന്ന് പ്ലാസ്റ്റിക് കൂടുകളും കുപ്പികളുമില്ല.വീട്ടിലെ മാലിന്യം വഴിയിൽ കൊണ്ടെറിയുന്ന ഇന്നത്തെ പരിഷ്കൃത സമൂഹവും അന്നില്ല.അതിനാൽ തൊടാനറയ്ക്കുന്ന കൂമ്പാരങ്ങൾ അന്നില്ലായിരുന്നു.ഭാഗ്യം).

മഴക്കാലത്ത് പാദം മൂടി ചെളി വരുന്ന സ്കൂൾ മൈതാനത്തിലുള്ള കെട്ടിടത്തിന്റെ അരികിലൂടെ നടക്കുവാനായി മണ്ണിട്ടുയർത്തുകയായിരുന്നു ഞങ്ങളുടെ ദൗത്യം.
ഇടനേരത്ത് കടും കാപ്പിയും കപ്പ പുഴുങ്ങിയതും മുളകു പൊട്ടിച്ചതും കിട്ടി.  കോളാമ്പി മൈക്കിലൂടെ ചുറ്റിലും അലയടിക്കുന്ന ഗാനങ്ങൾ.

"ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല.... ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജൻമ ഗൃഹമല്ലോ..........."

ദേശാഭിമാനവും സംഘബോധവും ഒരു ചാലകശക്തിയായ് സിരകളിൽ നിറഞ്ഞ നിമിഷങ്ങൾ...
അതായിരുന്നു സേവനവാരം.
തോട്ടിപ്പണിയെടുത്ത് മറ്റുള്ളവർക്ക് അദ്ധ്വാനത്തിന്റെ മാതൃക കാട്ടിയ രാഷ്ട്രപിതാവിന് യോജിച്ച അനുസ്മരണമായിരുന്നു അത്.

മണ്ണിൽ തൊടാനറയ്ക്കുന്ന,തൂമ്പ പിടിയ്ക്കാനറിയാത്ത  എന്തു മാലിന്യവും വഴിയിൽ തള്ളാൻ മടിയില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചു വിടുന്ന ഇന്നത്തെ തല തിരിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചോർക്കുമ്പോൾ ആ കുറച്ച് ദിവസങ്ങളുടെ പ്രസക്തി ഓർത്തു പോകുന്നു.
പക്ഷെ,എന്തെന്നറിയില്ല ഒന്നോ രണ്ടോ കൊല്ലമേ ഇതൊക്കെ നടന്നുള്ളൂ.
എല്ലാ അർത്ഥപൂർണ്ണങ്ങളായ പരിപാടികളെയും പോലെ ആരംഭത്തിൽ തന്നെ അസ്തമിച്ചു പോയി ഇതും.

മഹാത്മാവേ,
പ്രകടനപരങ്ങളായ കുറെയേറെ അനുഷ്ഠാനങ്ങളിലൂടെ ഞങ്ങൾ ഇനിയും അങ്ങയുടെ ജന്മദിനം ആഘോഷിച്ചു കൊള്ളാം...
ഉറപ്പ്